മെയ്ഡ് ഇന്‍ യു എ ഇ പ്രദര്‍ശനം തുടങ്ങി

Posted on: December 10, 2013 7:12 pm | Last updated: December 10, 2013 at 7:12 pm

ഷാര്‍ജ: രാജ്യത്തെ എണ്ണയിതര ഉത്പാദന മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉത്പാദക സംരംഭങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനുമായി സംഘടിപ്പിച്ച പ്രഥമ ‘മെയ്ഡ് ഇന്‍ യു എ ഇ’ പ്രദര്‍ശനവും അനുബന്ധ സമ്മേളനവും ഷാര്‍ജ എക്‌സ്‌പോയില്‍ ആരംഭിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ ചേംബര്‍ ഓഫ് കൊമേഴ്‌സുകളുടെ പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയത്.
രാജ്യത്തെ ഭരണാധികാരികള്‍ മുന്നോട്ടുവെച്ച സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണം ഉത്പാദന മേഖലയില്‍ വലിയ പ്രതിഫലനമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ആഭ്യന്തര ഉപയോഗത്തോടൊപ്പം കയറ്റുമതിക്കും രാജ്യത്തിന് സാധ്യമാകുന്നുവെന്നും പരിപാടിയില്‍ സംസാരിക്കവേ അധികൃതര്‍ വ്യക്തമാക്കി.
സാമ്പത്തിക കാര്യ മന്ത്രാലയം പുറത്തിറക്കിയ കണക്കു പ്രകാരം 2011ല്‍ രാജ്യത്ത് 5,201 വ്യവസായ സംരംഭങ്ങള്‍ ഉണ്ട്. 2010ല്‍ ഇത് 4,960 ആയിരുന്നു. 2017 ഓടെ 44 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തിനകത്തുള്ള 150 ഓളം സംരംഭകര്‍ പ്രദര്‍ശത്തില്‍ പങ്കെടുക്കുന്നു. ഭക്ഷ്യോത്പന്നങ്ങള്‍, വ്യാവസായികോത്പന്നങ്ങള്‍, നിര്‍മാണ വസ്തുക്കള്‍, വീട്ടു സാധനങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, മരം കൊണ്ടുള്ള ഉത്പന്നങ്ങള്‍, കടലാസ് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനമാണ് നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രദര്‍ശനം. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ ഭാവി വ്യവസായ സമ്മേളനവും ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു.