Connect with us

Kozhikode

വിദ്യാഭ്യാസ വായ്പാ പലിശ സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം വേഗത്തില്‍ നടപ്പാക്കണമെന്ന്

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസ വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2009 വരെയുള്ള പലിശ കേരള സര്‍ക്കാര്‍ വഹിക്കുമെന്ന് 2012 ലെ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും നടപ്പാക്കാനായിട്ടില്ല.
ബേങ്കുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് പലിശ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് നല്‍കാത്തത് കൊണ്ട് വായ്പ എടുത്തവരുടെ അക്കൗണ്ടില്‍ പലിശയും പിഴയും മറ്റു ചാര്‍ജുകളും ചേര്‍ത്ത് ഭീമമായ തുക ബേങ്കുകള്‍ കണക്കുകൂട്ടി വച്ചിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പലിശ സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ വായ്പാ തുക ഗഡുക്കളായി അടക്കാന്‍ സന്നദ്ധരാണ്. ഈ വസ്തുതകള്‍ ബേങ്ക് അധികാരികളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പല തവണ ഉന്നയിച്ചിട്ടും വായ്പയെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ തുടരുകയായിരുന്നു. പലരും റവന്യു റിക്കവറി നടപടികളുടെയും ജപ്തിയുടെയും ഭീഷണിയിലാണ്.
വായ്പ എടുത്തവര്‍ പഠനകാലാവധി കഴിഞ്ഞ് 84 മാസം കൊണ്ടാണ് വായ്പ തുക ഗഡുകളായി അടച്ച് തീര്‍ക്കേണ്ടത്. എന്നാല്‍ ഈ കാലവധി വരെ കാത്തുനില്‍ക്കാന്‍ തയ്യാറാവാതെ ബേങ്കുകള്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് പലര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. പല സാങ്കേതിക കാരണങ്ങളും പറഞ്ഞാണ് വിദ്യാഭ്യാസ വായ്പയുടെ പലിശ സര്‍ക്കാര്‍ ഇതുവരെയും അടക്കാത്തത്. പലിശ ഒഴിവാക്കി കിട്ടാന്‍ അപേക്ഷിച്ച പലരുടെയും അപേക്ഷകള്‍ ശരിയല്ലെന്നും പറഞ്ഞ് മാറ്റിെവക്കുകയാണ്.
പലിശ ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ നല്‍കുന്നതിന് ഈ മാസം 31 വരെ സര്‍ക്കാര്‍ അവധി നീട്ടിയിരിക്കുകയാണ്.
ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി നാളെ എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ കോഴിക്കോട് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ 9388636051 എന്ന നമ്പരില്‍ ലഭിക്കും. എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ബാലന്‍ കാര്‍ത്തികപ്പള്ളി, ജില്ലാ സെക്രട്ടറി വി പി ശശിധരന്‍, ട്രഷറര്‍ വി പി മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.