കോണ്‍ഗ്രസിന് ശക്തരായ നേതാക്കളില്ല: ശരത് പവാര്‍

Posted on: December 10, 2013 6:00 am | Last updated: December 10, 2013 at 4:48 pm

SHARATH PAWARമുംബൈ: കേന്ദ്രത്തിലെ യു പി എ സര്‍ക്കാറിനോടുള്ള ജനരോഷമാണ് നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കേന്ദ്ര മന്ത്രിയും എന്‍ സി പി പ്രസിഡന്റുമായ ശരത് പവാര്‍ തുറന്നടിച്ചു. കരുത്തരായ നേതാക്കളെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ പവാര്‍, യു പി എയെ നയിക്കാന്‍ ശക്തനായ നേതാവിനെ വേണമെന്നും ആവശ്യപ്പെട്ടു.
‘തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോണ്‍ഗ്രസും ഞങ്ങളുമടക്കം എല്ലാവരും ഇത് ഗൗരവപൂര്‍വം പരിഗണിക്കണം. തിരഞ്ഞെടുപ്പ് പരാജയത്തില്‍ പുതിയ തലമുറ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ രോഷമാണ് ബാലറ്റിലൂടെ പ്രതിഫലിച്ചത്’- പവാര്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഞൊടിയിടയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള കരുത്തരായ നേതാക്കള്‍ പ്രധാനമാണ്. ഭരണാധികാരികള്‍ ശക്തരായിരിക്കണം. എടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്കാകണം. ദുര്‍ബലരായ ഭരണാധികാരികളെ ജനം ഇഷ്ടപ്പെടുന്നില്ലെന്ന് 73കാരനായ മറാത്താ നേതാവ് പറഞ്ഞു. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശേഷിയുള്ള ഭരണാധികാരികള്‍ ഇല്ലാതാതാകുമ്പോള്‍ മറ്റു ശക്തികള്‍ തലപൊക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് നേതാവായിരുന്ന ശരദ് പവാര്‍ 1999ല്‍ പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടി (എന്‍ സി പി) രൂപവത്കരിക്കുകയായിരുന്നു. നേതൃത്വവുമായി കലഹിച്ചായിരുന്നു പവാര്‍ പാര്‍ട്ടി വിട്ടത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും യു പി എക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃനിരയെ സംബന്ധിച്ചായിരുന്നു പവാറിന്റെ വിമര്‍ശമെന്ന് വ്യക്തം.
‘ഇന്നത്തെ സാഹചര്യത്തില്‍ ഇന്ദിരാ ഗാന്ധിയെ നമുക്ക് ഉദാഹരണമാക്കാം. എടുത്ത തീരുമാനങ്ങള്‍ സത്വരം നടപ്പാക്കാന്‍ അവര്‍ക്കാകുമായിരുന്നു. അതുകൊണ്ട് അവരുടെ ഭരണകാലത്ത് സൗജന്യ ഉപദേശം നല്‍കാന്‍ ‘ജൊലവാല സംഘം’ ഇല്ലായിരുന്നു. ഈ സംഘങ്ങള്‍ അയഥാര്‍ഥമായ പുതിയ ആശയങ്ങള്‍ മുന്‍വെക്കുന്നു. മാധ്യമങ്ങളിലും സര്‍ക്കാറില്‍ ചിലരിലും അത് പ്രതിഫലനം സൃഷ്ടിക്കുന്നു’ കൂടുതല്‍ വിശദീകരിക്കാന്‍ മുതിരാതെ പവാര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഒരു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത നികൃഷ്ട സംഭവം യുവജനതയിലാകെ രോഷാഗ്നി ജ്വലിപ്പിച്ചു. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം നിന്നുവെന്നും എന്‍ സി പി നേതാവ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വൈമുഖ്യം കാണിക്കുന്നു. ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്മി പാര്‍ട്ടി ഇരകള്‍ക്കൊപ്പം അടിയുറച്ചുനിന്നു. അത് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ വഴിയൊരുക്കിയെന്നും പവാര്‍ വിലയിരുത്തി.