ഇന്ത്യന്‍ വംശജന്റെ മരണം: സിംഗപ്പൂരില്‍ കലാപം

Posted on: December 10, 2013 5:04 am | Last updated: December 9, 2013 at 11:05 pm

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഇന്ത്യക്കാരനായ തൊഴിലാളി റോഡപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കലാപം. കലാപവുമായി ബന്ധപ്പെട്ട് ദക്ഷിണ ഏഷ്യക്കാരായ 27 പേരെ സിംഗപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ 24 പേരും ഇന്ത്യക്കാരാണ്. ലിറ്റില്‍ ഇന്ത്യ എന്ന പേരില്‍ അറിയപ്പെടുന്ന ജില്ലയിലാണ് കനത്ത പ്രക്ഷോഭവും ആക്രമണവും നടക്കുന്നത്. 40 വര്‍ഷത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ കലാപമാണിത്. സ്വകാര്യ ബസിടിച്ച് ശക്തിവേല്‍ കുമാരവേലു എന്ന ഇന്ത്യന്‍ പൗരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ശക്തിവേലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പൗരന്‍മാരുള്‍പ്പെടെയുള്ള വിദേശികള്‍ ചേര്‍ന്ന് നടത്തിയ പ്രക്ഷോഭം പോലീസ് അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 400ഓളം പേര്‍ ചേര്‍ന്ന് നടത്തിയ പ്രക്ഷോഭത്തില്‍ പത്ത് പോലീസുകാരുള്‍പ്പെടെ 18 പേര്‍ക്ക് പരുക്കേറ്റു.
കലാപത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലി ഹുസൈന്‍ ലൂംഗ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്ത് ആവശ്യത്തിന് വേണ്ടിയാണെങ്കിലും അക്രമാസക്തമായ പ്രക്ഷോഭങ്ങളും കലാപങ്ങളും നടത്താന്‍ അനുവദിക്കില്ലെന്നും ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
മരിച്ച 33കാരനായ കുമാരവേലു ഇവിടെ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രക്ഷോഭകര്‍ പോലീസിന്റെ അഞ്ച് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. കലാപവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭകരെ നേരിടാന്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.