Connect with us

International

തായ്‌ലാന്‍ഡില്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പിന് ആഹ്വാനം

Published

|

Last Updated

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുകയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എം പിമാര്‍ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തതോടെയാണ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ തിരഞ്ഞെടുപ്പിനുള്ള ആഹ്വാനം.
2011ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച യംഗ്‌ലക് ഷിനാവത്രക്കെതിരെ രണ്ടാഴ്ച മുമ്പാണ് മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായിരുന്ന സുദേബ് ദുആഗ്‌സുബാന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായി തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും സുദേബിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്ന പ്രധാനമന്ത്രി, പ്രതിപക്ഷ എം പിമാരുടെ കൂട്ട രാജി വന്നതോടെയാണ് പ്രക്ഷോഭത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 159 എം പിമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ ബാങ്കോക്കിലെ ഭരണ ആസ്ഥാനത്തേക്ക് സമര നേതാക്കള്‍ ആഹ്വാനം ചെയ്ത കൂറ്റന്‍ റാലി ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് ഷിനാവത്ര പാര്‍ലിമെന്റ് പിരിച്ചുവിട്ട കാര്യം ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ആസ്ഥാനത്തിന് മുമ്പിലും പ്രക്ഷോഭകര്‍ തമ്പടിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം പ്രക്ഷോഭകര്‍ സമാധാനത്തോടെ പിരിഞ്ഞുപോകുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് 2014 ഫെബ്രുവരി രണ്ടിന് നടക്കുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. ഗ്രാമ പ്രദേശങ്ങളിലും സാമ്പത്തികമായി താഴെ തട്ടിലുള്ള ജനങ്ങള്‍ക്കിടയിലും ഷിനാവത്രക്കും അവരുടെ പാര്‍ട്ടിക്കും വ്യക്തമായ സ്വാധീനമുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഷിനാവത്ര വിജയിക്കുമെന്നും സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ സമര നേതാക്കള്‍ സംതൃപ്തരായില്ല. പാര്‍ലിമെന്റ് പിരിച്ചുവിട്ടത് കൊണ്ടോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ടോ രാജ്യത്തിന് മേലുള്ള തക്‌സിന്റെ നിയന്ത്രണം അവസാനിക്കുകയില്ലെന്നും തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ട ജനകീയ കൗണ്‍സില്‍ രൂപവത്കരിക്കണമെന്നും സമര നേതാവായ സുദേബ് വ്യക്തമാക്കി. ഈ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 24ന് ആരംഭിച്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആദ്യഘട്ടത്തില്‍ സമാധാനപരമായിരുന്നെങ്കിലും സര്‍ക്കാര്‍ മന്ദിരവും പ്രധാനമന്ത്രിയുടെ കാര്യാലയവും ഉപരോധിക്കാന്‍ തുടങ്ങിയതോടെ പ്രക്ഷോഭകരും പോലീസും തമ്മില്‍ കനത്ത ഏറ്റുമുട്ടലുണ്ടാകുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായത്. പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളിയിരുന്നു.

---- facebook comment plugin here -----

Latest