Connect with us

Editorial

ആചരിക്കാന്‍ ഒരു മനുഷ്യാവകാശം

Published

|

Last Updated

ജനങ്ങളില്‍ ഗണ്യമായൊരു വിഭാഗം നിലനില്‍പ്പിനും അവകാശ സംരക്ഷണത്തിനുമായുള്ള പോരാട്ടത്തിലായിരിക്കെയാണ് ലോകമിന്ന് 64-ാം മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ഫലസ്തീനില്‍, മധ്യആഫ്രിക്കന്‍ റിപ്പബഌക്കില്‍, ഇറാഖില്‍, കെനിയയില്‍, കാശ്മീരില്‍ തുടങ്ങി ലോകമെമ്പാടും മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. മനുഷ്യാവകാശ സംരക്ഷണത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലോകത്തെ മുഴുവന്‍ ഭരണകൂടങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും മനുഷ്യാവകാശ പട്ടികയിലെ അമ്പത് ശതമാനം കാര്യങ്ങളെങ്കിലും നടപ്പാക്കുന്ന ഒരൊറ്റ രാജ്യം പോലുമില്ല.
മനുഷ്യാവകാശങ്ങളെക്കുറിച്ചു ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന അമേരിക്കന്‍ ഭരണകൂടമാണ് അവകാശധ്വംസനത്തില്‍ ഏറ്റവും മുന്നില്‍. അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, ക്രൂരവും അസാധാരണവുമായ ശിക്ഷകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ന്യായയുക്തമായ നീതിനിര്‍വഹണ സ്വാതന്ത്ര്യം എന്നിവയെല്ലാം യു എസ് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും, കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്വാണ്ടനാമോ തടവറയിലും അബുഗുരൈബ് ജയിലിലും യു എസ് നടത്തിയ ക്രൂരതകളും പൈശാചികതകളും കേട്ട് ലോകം വിറങ്ങലിച്ചതാണ്. ആയുധ ബലത്തിന്റെ മുഷ്‌കില്‍ ഇറാഖിലും ലിബിയയിലും കടന്നുകയറി സദ്ദാം ഹുസൈനെയും മുഅമ്മര്‍ ഗദ്ദാഫിയെയും നിഷ്ഠുരമായി കൊലപ്പെടുത്തിയതും അമേരിക്കയായിരുന്നല്ലോ. കറുത്ത വര്‍ഗക്കാരും ന്യൂനപക്ഷങ്ങളും രാജ്യത്ത് കൊടിയ വിവേചനവും പീഡനങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന് അമേരിക്കന്‍ വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക് വിധേയനാകേണ്ടി വന്നത് മുസ്‌ലിംകളോടുള്ള അവരുടെ മനോഭാവം തുറന്നു കാട്ടുന്നുണ്ട്.
അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ ആയിരക്കണക്കിന് തടവുകാര്‍ വര്‍ഷങ്ങളായി വിചാരണ കൂടാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നരക ജീവിതം നയിക്കുകയും കാശ്മീരിലും മണിപ്പൂരിലും മറ്റും പ്രത്യേകാധികാരത്തിന്റെ ബലത്തില്‍ സൈന്യം നടത്തുന്ന പൈശാചികതകള്‍ക്കെതിരെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യവെ, ഇന്ത്യയും ഇന്ന് മനുഷ്യാവകാശ ദിനമാചരിക്കുകയാണ്. തീവ്രവാദികളെ നേരിടാനെന്ന പേരില്‍ ഉത്തരേന്ത്യയില്‍ പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും മുസ്‌ലിം സമുദായത്തിന് നേരെ നടത്തി വരുന്നത് കൊടിയ അവകാശലംഘനങ്ങളാണെന്ന് വ്യക്തമായിട്ടും, മനുഷ്യാവകാശങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചു വാചാലമാകുന്ന ഭരണകൂടം അത് കണ്ടില്ലെന്ന് നടിക്കുന്നു. അന്യായമായ അറസ്റ്റുകളും മര്‍ദനങ്ങളും ജയില്‍ പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും വ്യാജ ഏറ്റുമുട്ടലുകളും രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ചൂഷണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1977ല്‍ രാജ്യം ദേശീയ ശിശുനയത്തിന് രൂപം നല്‍കിയെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്നത് ഇന്ത്യയിലാണ്. നാലര കോടിയോളം കുട്ടികള്‍ രാജ്യത്ത് നിര്‍ബന്ധിത ബാലവേലകളില്‍ ഏര്‍പ്പെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആറ് മുതല്‍ പതിനാാല് വരെ വയസ്സ് പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിര്‍ബന്ധവുമാക്കി 2009 ആഗസ്റ്റ് നാലിനു പാര്‍ലിമെന്റ് നിയമം പാസ്സാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഒരു കോടിയിലധികം കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നില്ല. തൊഴില്‍രഹിതരുടെ ശതമാനത്തിലെ വര്‍ധന തൊഴിലെന്ന അവകാശ സംരക്ഷണത്തിലും ഭരണകൂടം പരാജയമാണെന്ന് കാണിക്കുന്നു. 2010 ല്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 36.5 ശതമാനമായിരുന്നത് 2012 ല്‍ 35.4 ശതമാനമായി കുറയുകയുണ്ടായി. പൗരന്റെ പ്രതിദിന ചെലവ് ഗ്രാമങ്ങളില്‍ തുച്ഛമായ 22.40 രൂപയും നഗരങ്ങളില്‍ 28.65 രൂപയുമായി നിജപ്പെടുത്തിയിട്ടും ഇന്ത്യക്കാരില്‍ 35 കോടിയോളം ദരിദ്രരുടെ പട്ടികയില്‍ തുടരുകയാണ്.
ആരോഗ്യം, മലിനരഹിതമായ വായു, വെള്ളം, ഭൂമി, പരിസ്ഥിതിസൗഹാര്‍ദമായ അന്തരീക്ഷം, ശബ്ദമലീനീകരണത്തില്‍നിന്നുള്ള മോചനം തുടങ്ങിയവയും മനുഷ്യാവകാശങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ശുദ്ധമായ വായുവും വെള്ളവും നല്ല അന്തരീക്ഷവും ഇന്ന് കിട്ടാക്കനികളാണ്. ഈ വക കാര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും വന്‍ പരാജയത്തിലാണ്. മനുഷ്യാവകാശങ്ങള്‍ രാജ്യത്ത് ഏറ്റവും കൂടുതലായി നിഷേധിക്കപ്പെടുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. മറ്റ് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ചില പ്രത്യേക മതവിഭാഗമോ ജാതിയോ അവഗണിക്കപ്പെടുകയും പാര്‍ശവത്കരിക്കപ്പെടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനുള്ള പ്രായോഗിക നടപടികള്‍ കൈക്കൊള്ളുമ്പോള്‍ മാത്രമേ നമ്മുടെ മനുഷ്യാവകാശ ദിനാചരണം സാര്‍ഥകമാകൂ.

Latest