ഓഹരി വിപണി വീണ്ടും തിളങ്ങി; സെന്‍സെക്‌സ് റെക്കോര്‍ഡ് പ്രകടനത്തിലേക്ക്‌

Posted on: December 9, 2013 8:50 am | Last updated: December 9, 2013 at 8:56 am

വിദേശ പണ പ്രവാഹത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും തിളങ്ങി. ബി എസ് ഇ സുചിക 200 പോയിന്റിന്റെ നേട്ടം കൈവിച്ചപ്പോള്‍ നിഫ്റ്റി 6250ന് മുകളില്‍ വ്യാപാരാന്ത്യം ഇടം കണ്ടത്തി. വിദേശത്ത് നിക്ഷേപത്തിന്റെ ചുവടുവെപ്പുകള്‍ കണക്കിലെടുത്താല്‍ സെന്‍സെക്‌സ് റെക്കോര്‍ഡ് പ്രകടനത്തിന് ഈ വാരത്തില്‍ നീക്കം നടക്കാം. അതേസമയം, രാഷ്ട്രീയ രംഗത്തെ പുതിയ ചലനങ്ങള്‍ സൂചികയില്‍ ചാഞ്ചാട്ടത്തിനും കാരണമാകും.
വിദേശ നിക്ഷേപം ശക്തമാണ്. അതുകൊണ്ട് തന്നെ റെക്കോര്‍ഡായ 21,321 ലേക്ക് സൂചിക അടുക്കാനുള്ള സാധ്യതകള്‍ക്ക് ശക്തിയേറി. റെക്കോര്‍ഡിലേക്കുള്ള ദൂരം കേവലം 325 പോയിന്റെ് മാത്രം.
ബി എസ് ഇ സുചിക ഉയര്‍ന്ന നിലവാരമായ 21,126 വരെ കയറി ശേഷം വെളളിയാഴ്ച 20,996 ലാണ്. സെന്‍സെക്‌സിന് ഈവാരം 21,185 ലെ തടസം മറികടക്കാനായാല്‍ റെക്കോര്‍ഡ് പ്രകടനത്തിനുള്ള സാധ്യത ഇരട്ടിക്കും. വിപണി സാങ്കേതികമായി ബുള്ളിഷ് ട്രന്‍ഡിലാണ്.
വിദേശ നിക്ഷേപം ഒരു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2012 ലും 2010 ലും വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇത്തരത്തില്‍ നിക്ഷേപം നടത്തി. ജൂണ്‍ -ആഗസ്ത് കാലയളവില്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ ഉത്സാഹിച്ച ഫണ്ടുകള്‍ പക്ഷേ ഒക്‌ടോബറിനു ശേഷം നിക്ഷേപകരായി തുടരുന്നു. 2013 ല്‍ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 1800 കോടി ഡോളര്‍ നിക്ഷേപിച്ചു.
പിന്നിട്ട വാരം ടാറ്റാ പവര്‍ ഓഹരി വില 10.82 ശതമാനം വര്‍ധിച്ച് 88 രൂപയായി. വിദേശ ഫണ്ടുകള്‍ ബേങ്കിംഗ് ഓഹരികേളാട് കുടുതല്‍ താത്പര്യം കാണിച്ചു. മൂന്‍ നിര ഓഹരികളായ ഐ സി ഐ സി ഐ, കാനറാ, ആക്‌സിസ്സ്, ഇന്‍ഡസ് എന്നിവയുടെ നിരക്ക് കയറി. സ്റ്റീല്‍, പവര്‍, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികളും ശ്രദ്ധിക്കപ്പെട്ടു.
ടെക്‌നോളജി വിഭാഗത്തില്‍ വിപ്രോ ഓഹരി വില നാലു ശതമാനത്തില്‍ അധികം ഉയര്‍ന്ന് 493 രൂപയായി. മാരുതി, ടാറ്റാ മോട്ടേഴ്‌സ് ഓഹരിക്ക് തിരിച്ചടിനേരിട്ടു. ജിന്‍ഡാല്‍ സ്റ്റീല്‍ പത്തു ശതമാനം നേട്ടം കൈവരിച്ചു. ഭെല്‍ ഓഹരി വില പത്തു ശതമാനം ഉയര്‍ന്ന് 171 രൂപയായി. ഈ വര്‍ഷം ഇതിനകം 25 ശതമാനം ഇടിഞ്ഞ് 100 രൂപയിലേക്ക് നീങ്ങിയിരുന്നു.
മുന്‍ നിര ഓഹരിയായ കോള്‍ ഇന്ത്യയുടെ വില ഈ വര്‍ഷം 10 ശതമാനം താഴ്‌ന്നെങ്കിലും പിന്നിട്ടവാരത്തില്‍ ആറു ശതമാനം നേട്ടത്തിലാണ് അതേ സമയം മുന്‍ നിര ഓഹരികളായ ഹിന്‍ഡാല്‍ക്കോ, ഡോ. റെഡീസ്, ഐ റ്റി സി, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍ തുടങ്ങിയവയെല്ലാം വാരാന്ത്യം സമ്മര്‍ദത്തിലാണ്.
നിഫ്റ്റി സൂചിക താഴ്ന്ന റേഞ്ചായ 6155 ല്‍ നിന്ന് 6287 വരെ ചുവടുവെച്ച ശേഷം ക്ലോസിങ് വേളയില്‍ 6259 ലാണ്. ഈവാരം നിഫ്റ്റിക്ക് 6180 ല്‍ താങ്ങും 6312-6365 പോയിന്‍ില്‍ പ്രതിരോധവുമുണ്ട്.
ഡോളര്‍ പ്രവാഹം ഓഹരി വിപണിക്ക് ഒപ്പം വിനിമയ വിപണിക്കും കരുത്തായി. രൂപയുടെ മുല്യം ഒക്‌ടോബറിനു ശേഷമുള്ള ഉയര്‍ന്ന തലമായ 61.52 ലേക്ക് ചുവടുവെച്ചു. ഡൗ ജോണ്‍സ് സൂചികക്ക് നേരിയ തിരിച്ചടിനേരിട്ടു. എന്നാല്‍ വിപണി 16,000 ലെ താങ്ങ് നിലനിര്‍ത്തികൊണ്ട് 16,020 ലാണ് ക്ലോസ് ചെയ്തു. യു എസ് ഡോളര്‍ സൂചികയുടെ മികവ് ഫണ്ടുകളെ സ്വര്‍ണ മാര്‍ക്കറ്റില്‍ വില്‍പ്പനക്കലരാക്കി. 1252 ഡോളറില്‍ ട്രേഡിംഗ് തുടങ്ങിയ സ്വര്‍ണം അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരമായ 1211 വരെ ഒരു വേള ഇടിഞ്ഞു. വ്യാപാരം അവസാനിക്കുമ്പോള്‍ ലണ്ടനില്‍ സ്വര്‍ണം 1230 ഡോളറിലാണ്.