Connect with us

Ongoing News

മിസോറാമില്‍ കോണ്‍ഗ്രസ് വിജയഗാഥ

Published

|

Last Updated

ഐസ്‌വാള്‍: നാല് സംസ്ഥാനങ്ങളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് മിസോറാമില്‍ മികച്ച വിജയം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം വട്ടവും മിസോറാമില്‍ അധികാരത്തിലെത്തിയത്. നാല്‍പ്പതംഗ സഭയില്‍ കോണ്‍ഗ്രസിന് 33 സീറ്റുകളാണ് ലഭിച്ചത്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല അഞ്ചാം തവണയും സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്ന് സഭയിലെത്തി. റാംഗ്ടുര്‍സോ മണ്ഡലത്തില്‍ നിന്നും തന്‍ഹാവ്‌ല വിജയം കണ്ടു.

മിസോറാം നാഷനല്‍ ഫ്രണ്ട് (എം എന്‍ എഫ്), മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ് (എം പി സി), മാറാലാന്‍ഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എം ഡി എഫ്) എന്നീ കക്ഷികള്‍ മിസോറാം ജനാധിപത്യ സഖ്യം (എം ഡി എ) എന്ന പേരില്‍ മുന്നണിയായാണ് ജനവിധി തേടിയത്. എം ഡി എ ഏഴ് സീറ്റുകളാണ് നേടിയത്. ഇതില്‍ മുപ്പത്തൊന്ന് മണ്ഡലങ്ങളില്‍ ജനവിധി തേടിയ പ്രധാന പ്രതിപക്ഷമായ എം എന്‍ എഫിന് മൂന്ന് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. പതിനേഴിടങ്ങളില്‍ മത്സരിച്ച ബി ജെ പിക്കും മുപ്പത്തെട്ട് സീറ്റില്‍ മത്സരിച്ച സോറം നാഷനലിസ്റ്റ് പാര്‍ട്ടി (ഇസഡ് എന്‍ പി)ക്ക് ഒരിടത്തും വിജയം കാണാനായില്ല. സോറം നാഷനലിസ്റ്റ് പാര്‍ട്ടി മേധാവി ലാല്‍ദുഹാവ്മ മത്സരിച്ച രണ്ടിടങ്ങളിലും പരാജയം ഏറ്റുവാങ്ങി.
മത്സരിച്ച പതിനൊന്ന് മന്ത്രിമാരില്‍ എട്ട് പേര്‍ വിജയം കണ്ടു. ഐസ്‌വാള്‍ വടക്ക്- ഒന്ന് മണ്ഡലത്തില്‍ നിന്ന് സ്പീക്കര്‍ ആര്‍ റൊമാവിയ വിജയിച്ചു. അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല അവകാശപ്പെട്ടു.