Connect with us

Editorial

തുടര്‍ നടപടിക്ക് മടിക്കരുത്

Published

|

Last Updated

തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും അവര്‍ അതിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയാണ് പ്രതിസ്ഥാനത്തെന്നതുകൊണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ആര്‍ക്കും ഒരു വിധത്തിലുള്ള സൗജന്യവും അനുവദിക്കുന്നില്ല. ഒരു നിയമ വിദ്യാര്‍ഥിനിയെ സുപ്രീം കോടതി ന്യായാധിപന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍, സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങുന്ന ഒരു സമിതി അന്വേഷണം നടത്തി പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ അതിനു ശേഷം തുടര്‍നടപടികളുണ്ടാകണം. അതിന് പകരം ഇത്രയുംകൊണ്ട് കാര്യങ്ങള്‍ മതിയാക്കാമെന്ന് ആരു പറഞ്ഞാലും അത് അംഗീകരിച്ചു കൊടുക്കാനാകില്ല. സ്വാഭാവിക നീതിയുടെ ലംഘനവുമാണത്. ജസ്റ്റിസ് എ കെ ഗാംഗുലിയുടെ ഭാഗത്ത് നിന്ന് ലൈംഗിക ചുവയുള്ള പെരുമാറ്റമുണ്ടായെന്ന് യുവതിയുടെ പരാതിയില്‍ നിന്ന്തന്നെ പ്രഥമദൃഷ്ട്യാ വ്യക്തമാണ്. സംഭവദിവസം രാത്രി എട്ട് മണിക്കും പത്തരക്കും ഇടക്ക് യുവ അഭിഭാഷകക്കൊപ്പം ജസ്റ്റിസ് ഗാംഗുലി മുറിയിലുണ്ടായിരുന്നു. യുവ അഭിഭാഷകയെ പീഡിപ്പിച്ച സംഭവത്തില്‍ വിരമിച്ച ജഡ്ജി ജസ്റ്റിസ് ഗാംഗുലി പ്രഥമദൃഷ്ട്യാ തെറ്റ് ചെയ്തുവെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സര്‍വീസില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് ഗാംഗുലിക്കെതിരെ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും കൂടുതല്‍ നടപടി ആവശ്യമില്ലെന്ന ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നിലപാടിനോട് നീതിബോധമുള്ളവര്‍ക്കാര്‍ക്കും യോജിക്കാനാകില്ല. അതായത് തെറ്റ് ചെയ്ത ആള്‍ക്കെതിരെ പോലീസിന്റെ ഭാഗത്ത്‌നിന്നും തുടര്‍നടപടി ഉണ്ടാകണം. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോള്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാണ് ജസ്റ്റിസ് ഗാംഗുലി. തനിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കെ, പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഗാംഗുലിയില്‍ തെല്ലെങ്കിലും നീതിബോധം അവശേഷിക്കുന്നുവെങ്കില്‍ സ്ഥാനമാനങ്ങള്‍ അദ്ദേഹം രാജിവെച്ചൊഴിയണം.
കേന്ദ്ര നിയമമന്ത്രി കപില്‍ സിബലും ജസ്റ്റിസ് ഗാംഗുലി സ്ഥാനമൊഴിയണമെന്ന നിലപാടിലാണ്. സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാരുള്‍പ്പെട്ട അന്വേഷണ സംഘം പരാതിക്കാരിയായ യുവതിയില്‍ നിന്നും ജസ്റ്റിസ് ഗാംഗുലിയില്‍ നിന്നും രേഖാമൂലവും വാചാമൊഴിയെടുത്തും പരാതി ശരിയാണെന്ന് കണ്ടെത്തിയ ശേഷം, “ആരോപണം അടിസ്ഥാനരഹിതമാണെന്ന്” വാദിക്കുന്ന ഗാംഗുലിയുടെ നിലപാട് പരിഹാസ്യമാണ്. നിരപരാധിത്വം സ്ഥാപിച്ചെടുക്കാനാണെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയനാകുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
തെഹല്‍കയുടെ മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഒരു യുവ പത്രപ്രവര്‍ത്തക ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോള്‍ ഗോവ പോലീസ് സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. കേസന്വേഷണം ബാഹ്യ ഇടപെടലുകള്‍ കൂടാതെ മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്. അതിനിടയില്‍ കേസ് അട്ടിമറിക്കാന്‍ തത്പരകക്ഷികള്‍ അടവ് തന്ത്രങ്ങള്‍ മാറിമാറി പ്രയോഗിക്കാന്‍ വന്‍ തയ്യാറെടുപ്പ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. “മദ്യലഹരിയില്‍ തനിക്ക് സംഭവിച്ച പിഴവാണ്” പ്രശ്‌നമായതെന്ന് നേരത്തെ സമ്മതിച്ച തേജ്പാല്‍, ഇപ്പോള്‍ വാദിക്കുന്നത് താനും യുവതിയും പരസ്പര സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നാണ്. കേസിന് തുമ്പില്ലാതാക്കാനും യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിനിടയില്‍ യുവ പത്രപ്രവര്‍ത്തകയോട് ഡല്‍ഹി പോലീസ് മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടന്ന് ഏതാണ്ട് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് പോലീസ് ഉണരുന്നത്.
പോലീസ് നടപടി ഇപ്പോള്‍ തന്നെ വൈകിയെങ്കിലും ഇനി എല്ലാം നേരാംവിധം നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ, അതിന് ശക്തമായ ബഹുജന വികാരം ഉണരണം. ഡല്‍ഹിയില്‍ ഒരു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സിലിട്ട് കൂട്ടബലാത്സംഗം നടത്തിയ അതിനിന്ദ്യമായ സംഭവത്തോട് രാജ്യമൊന്നടങ്കം ഏകമനസ്സോടെ പ്രതികരിച്ചത് പോലെ ശക്തമായ ബഹുജന വികാരം ഉണരണം. രാജ്യത്തിനാകെ അപമാനം വരുത്തിവെക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ പോലീസിന് മാത്രം കഴിയില്ല. അതിന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം. ഈ ജനശക്തി കണ്ടില്ലെന്ന് നടിക്കാന്‍ അധികാരികള്‍ക്കാകില്ല. ഈ ഒരു ബോധം ഓരോ മനസ്സിലും പകര്‍ന്നു നല്‍കാന്‍ നമുക്കായാല്‍ അതായിരിക്കും സമൂഹ സുരക്ഷക്കുള്ള പ്രധാന ഗ്യാരണ്ടി.

Latest