ഫ്രഞ്ച് സൈന്യം തലസ്ഥാനത്ത്; കലാപം തുടരുന്നു, മരണം 228

Posted on: December 8, 2013 5:24 am | Last updated: December 8, 2013 at 12:24 am

ബാന്‍ഗൂയി: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ രണ്ട് സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ മേഖലകളിലെത്തിയ ഫ്രഞ്ച് സൈന്യം ആക്രമണം ആരംഭിച്ചു. മധ്യ ആഫ്രിക്കയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സൈനിക നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന് യു എന്‍ രക്ഷാസമിതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ നൂറു കണക്കിന് സൈന്യം റിപ്പബ്ലിക്കിലെത്തി. പ്രമേയം പാസായ വെള്ളിയാഴ്ച തന്നെ അയല്‍രാജ്യങ്ങളിലുള്ള ഫ്രഞ്ച് സൈന്യത്തോട് റിപ്പബ്ലിക്കിലെത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊലന്‍ദെ ആവശ്യപ്പെടുകയായിരുന്നു. ഫ്രഞ്ച് സൈന്യം എത്തിയിട്ടുണ്ടെങ്കിലും സായുധ സംഘങ്ങള്‍ തമ്മിലുള്ള കലാപം അവസാനിച്ചിട്ടില്ലെന്നും ഇന്നലെയും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റെഡ് ക്രോസ് പ്രവര്‍ത്തകരെ ഉദ്ധരിച്ച് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഫ്രഞ്ച് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. റോഡുകളിലും മറ്റും പട്രോളിംഗ് ആരംഭിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ക്രൈസ്തവ സായുധ സംഘടനയായ ബലാകയും സെലെക്ക എന്ന മുസ്‌ലിം സായുധ സംഘടനയും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. തലസ്ഥാന നഗരമായ ബന്‍ഗുയിയില്‍ നിന്ന് മാത്രം രണ്ട് ദിവസത്തിനിടെ 281 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റെഡ് ക്രോസ് പ്രവര്‍ത്തകര്‍ അറിയിച്ചു. കലാപത്തിനിടെ നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിന്റെ മുന്‍ കോളനിയായ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കലാപം ആരംഭിച്ചത്.
രാജ്യത്തിന്റെ അധികാരം സെലെക വിമതര്‍ പിടിച്ചെടുക്കുകയും പ്രസിഡന്റ് ഫ്രാംഗ്‌സ്വാ ബൂ അസീസിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തതോടെ സെലെക്കെക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ബലാക്ക സായുധ സംഘം രംഗത്തെത്തുകയായിരുന്നു.
മധ്യ ആഫ്രിക്കന്‍ നഗരങ്ങളില്‍ ഭയാനകമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സമാധാന ചര്‍ച്ചക്ക് ഇരു സംഘങ്ങളും തയ്യാറാകണമെന്നും യു എന്‍ വക്താവ് അറിയിച്ചു. ഫ്രാന്‍സിന്റെ സൈനിക നടപടി സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ളതാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കന്‍ മാലിയില്‍ അധികാരം പിടിച്ചെടുത്ത തീവ്രവാദ സംഘങ്ങളെ കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായത്തോടെ ഫ്രഞ്ച് സൈന്യം തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ദൗത്യവും ഫ്രാന്‍സ് ഏറ്റെടുക്കുന്നത്.