Connect with us

International

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിലാപയാത്ര

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: രാജ്യത്തിന്റെ വിമോചക താരകത്തിന് ദക്ഷിണാഫ്രിക്ക ഒരുക്കുന്നത് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വൈകാരിക ആദരാഞ്ജലി. അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രിട്ടോറിയ നഗരത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്ര നടക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിനായി പടപൊരുതിയ നെല്‍സണ്‍ മണ്ടേലയുടെ മൃതദേഹം ഈ മാസം 15ന് അദ്ദേഹത്തിന്റെ ജന്മനാടായ ക്വുനുവിലാണ് സംസ്‌കരിക്കുന്നത്. ലോക നേതാക്കളുടെ മഹാ സംഗമമായേക്കാവുന്ന സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ അണിനിരക്കുന്ന കൂറ്റന്‍ വിലാപയാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബുധനാഴ്ച ആരംഭിക്കുന്ന യാത്ര വെള്ളിയാഴ്ചയാണ് ക്വുനിവിലെത്തുക. മരണം നടന്ന ജോഹന്നാസ്ബര്‍ഗിലെ മണ്ടേലയുടെ വീടിന് സമീപത്ത് ഔദ്യോഗികവും അനൗദ്യോഗികവുമായ അനുശോചന യോഗങ്ങള്‍ നടക്കുന്നുണ്ട്. വീടിന് പുറത്ത് മണ്ടേലയുടെ അനുയായികള്‍ പൂക്കളും മെഴുകുതിരികളും സമര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കഴിയും വിധത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളതെന്ന് ദക്ഷിണാഫിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.
യു എസ് പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റന്‍, ജോര്‍ജ് ഡബ്ല്യു ബുഷ്, ജിമ്മി കാര്‍ട്ടര്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊലന്‍ദെ, ലാറ്റിനമേരിക്കന്‍ രാഷ്ട്ര നേതാക്കള്‍, അറേബ്യന്‍ രാഷ്ട്ര നേതാക്കള്‍ തുടങ്ങി ലോകത്തെ പ്രധാന വ്യക്തികളെല്ലാം സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തും. ഏകദേശം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കളോ പ്രതിനിധികളോ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോഹന്നാസ്ബര്‍ഗ്, പ്രിടോറിയ എന്നീ നഗരങ്ങള്‍ ലോക നേതാക്കളെ സ്വീകരിക്കാന്‍ സജ്ജമായിട്ടുണ്ടെന്നും വക്താക്കള്‍ അറിയിച്ചു.
നെല്‍സണ്‍ മണ്ടേലയുടെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കി വംശീയ സംഘട്ടനങ്ങളില്ലാത്ത സമത്വാധിഷ്ഠിതമായ ഒരു സമൂഹത്തെ കുറിച്ച് ഈ വേളയില്‍ ദക്ഷിണാഫ്രിക്കന്‍ ജനത ചിന്തിക്കണമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താബോ എംബക്കി ആവശ്യപ്പെട്ടു.