Connect with us

National

സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത് വിവാദത്തില്‍

Published

|

Last Updated

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ അനുവദിച്ചത് വന്‍ വിവാദമാകുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 30നാണ് ഒരു മാസത്തെ പരോള്‍ കഴിഞ്ഞത്. ദത്തിന്റെ പരോളിനെ സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദത്തിന് പരോള്‍ അനുവദിച്ചതിന്റെ അടിസ്ഥാന കാരണം പരിശോധിക്കാനാണ് ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ ഉത്തരവിട്ടത്.
ജയില്‍ അധികൃതരുടെ ശിപാര്‍ശയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പൂനെ ഡിവിഷനല്‍ കമ്മീഷണര്‍ പ്രഭാകര്‍ ദേശ്മുഖ് ഒരു മാസത്തെ പരോള്‍ ദത്തിന് അനുവദിച്ചത്. ഭാര്യ മാന്യതക്ക് സുഖമില്ലെന്ന കാരണമാണ് ദത്ത് ഉന്നയിച്ചത്. എന്നാല്‍, മാന്യത വെള്ളിയാഴ്ച രാത്രി പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ സചിത്ര വാര്‍ത്ത ചില പത്രങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചു. ജൂഹുവിലെ സ്റ്റുഡിയോയില്‍ ഷാഹിദ് കപൂറിന്റെ പുതിയ ചിത്രത്തിന്റെ സ്‌ക്രീനിംഗ് പരിപാടിയിലും കൃഷിക ലുല്ലയുടെ ജന്മദിനാഘോഷത്തിലുമാണ് മാന്യത പങ്കെടുത്തത്.
ഇതിനെ തുടര്‍ന്നാണ്, വിവാദം ഉടലെടുത്തത്. ദത്തിന് പ്രത്യേക ഇളവ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ യേര്‍വാഡ സെന്‍ട്രല്‍ ജയിലിന് മുമ്പില്‍ പ്രതിഷേധിച്ചു. കറുത്ത കൊടി വീശിയും ജയില്‍ അധികൃതരുടെ നടപടിയെ അപലപിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹാരാഷ്ട്രയില്‍ ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.
വിവേചനാധികാരം തെറ്റായ വഴിയില്‍ വിനിയോഗിക്കുകയാണെന്ന് ആരോപിച്ച് സമാന കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട പര്‍വേസ് ശൈഖിന്റെ അഭിഭാഷകന്‍ യേര്‍വാഡ ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോലും പര്‍വേസിനെ കാണാന്‍ തന്നെ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഭാര്യയുടെ അനാരോഗ്യമെന്ന കാരണം പറഞ്ഞ് ദത്തിന് പരോള്‍ അനുവദിച്ചതെന്ന് അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ സൈബുന്നീസ ഖാസിക്കും പരോള്‍ അനുവദിച്ചിട്ടില്ല. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന, വൃദ്ധയായ തന്റെ മാതാവ് കഴിഞ്ഞ ജൂലൈയില്‍ പരോളിന് അപേക്ഷിച്ചെങ്കിലും നിരസിച്ചുവെന്ന് മകള്‍ പറഞ്ഞു.
അതേസമയം, മാന്യതക്ക് കരളില്‍ ട്യൂമറുണ്ടെന്ന് അവകാശപ്പെട്ട് ഡോക്ടര്‍ രംഗത്തെത്തി. കരളില്‍ ട്യൂമറുള്ള മാന്യതക്ക് നെഞ്ചുവേദനയുണ്ടെന്നും കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ പത്ത് കിലോഗ്രാം തൂക്കം കുറഞ്ഞെന്നും അവകാശപ്പെട്ട് ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അജയ് ചൗഘളയാണ് രംഗത്തെത്തിയത്.
1993ലെ മുംബൈ സ്‌ഫോടന പരമ്പര വേളയില്‍ അനധികൃത ആയുധങ്ങള്‍ ഉടമസ്ഥതയില്‍ വെച്ചുവെന്ന കേസിലാണ് ദത്തിന് തടവ് ശിക്ഷ വിധിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ ആറ് മാസം മുമ്പാണ് സുപ്രീം കോടതി ശരിവെച്ചത്. ഒന്നര വര്‍ഷം ദത്ത് ജയിലില്‍ കിടന്നിരുന്നു.

Latest