ബാബരി ദിനത്തിന്റെ മറവില്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം

Posted on: December 8, 2013 6:00 am | Last updated: December 7, 2013 at 9:37 pm

കാസര്‍കോട്: കഴിഞ്ഞ ദിവസം വൈകിട്ടും ഇന്നലെ പുലര്‍ച്ചെയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമമുണ്ടായി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാടയില്‍ ഗ്യാരേജിന് പുറത്ത് നിര്‍ത്തിയിട്ട ടെമ്പോ കത്തിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.
ബന്തിയോട്ട് കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറുണ്ടായി. പരുക്കേറ്റ ഡ്രൈവര്‍ അജാനൂരിലെ കൃഷ്ണനെ(39) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം.
മേല്‍പറമ്പില്‍ ഹോട്ടല്‍ നടത്തുന്ന അഹ്മദിന്റെ ചന്ദ്രഗിരി സ്‌കൂളിന് സമീപത്തെ വീടിന് നേരെ ഇന്നലെ പുലര്‍ച്ചെയോടെ അക്രമമുണ്ടായി. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. അഹമ്മദും ഭാര്യയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
വിദ്യാനഗറില്‍ നിര്‍ത്തിയിട്ട മിനിലോറിക്ക് നേരെയും കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായതില്‍ ഗ്ലാസ് തകര്‍ന്നു. കോട്ടൂര്‍ ചേക്കോടിലെ ഉമേഷിന്റെ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ഉമേശന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് അണങ്കൂര്‍ മാവേലി സ്‌റ്റോറിന് സമീപം സ്വകാര്യ ബസിന് നേരെയുണ്ടായ കല്ലേറിലും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അണങ്കൂരിലെ പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വിദ്യാനഗര്‍ ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് നേരെയാണ് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. രാത്രിയോടെയാണ് പിടികൂടിയത്.
സി ഐ. ഡോ. വി ബാലകൃഷ്ണന്‍, അസി. എസ് ഐ അമ്പാടി, ലക്ഷ്മിനാരായണന്‍, ബാലകൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.