ചേളാരി ഭീകരതക്കെതിരെ സുന്നീ സംഘശക്തിയുടെ പ്രതിഷേധമിരമ്പി

Posted on: December 8, 2013 6:00 am | Last updated: December 7, 2013 at 9:35 pm

കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം പരപ്പ ക്ലായിക്കോട് പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഖത്തീബ് അബ്ദുല്‍ ഹമീദ് സഖാഫിയെ മിമ്പറില്‍നിന്ന് വലിച്ചിട്ട് ക്രൂരമായി മര്‍ദിച്ച ചേളാരി സമസ്ത പ്രവര്‍ത്തകരുടെ ഭീകരതക്കെതിരെ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ ഉജ്വല പ്രതിഷേധ പ്രകടനം.
വെള്ളിയാഴ്ചത്തെ പുണ്യആരാധനയായ ജുമുഅ ഖുതുബയും നിസ്‌കാരവും തടസപ്പെടുത്തുകയും ഖത്തീബിനെയും തടയാന്‍ ചെന്ന സുന്നീ പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത് ഭീകരപ്രവര്‍ത്തനം ഒരു അജണ്ടയായി സ്വീകരിച്ച വിഘടിതവിഭാഗം കഴിഞ്ഞദിവസം കല്ലൂരാവി പഴയകടപ്പുറത്തും കാക്കടവിലും സുന്നീ പ്രവര്‍ത്തകര്‍ക്കുനേരെ മാരകമായ അക്രമങ്ങള്‍ അഴിച്ചുവിട്ട് വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ താക്കീതായിരുന്നു പ്രതിഷേധ പ്രകടനം.
പ്രകടനത്തിന് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ബശീര്‍ മങ്കയം, അശ്‌റഫ് അശ്‌റഫി, യൂസുഫ് മദനി, ഹംസ മിസ്ബാഹി, ജബ്ബാര്‍ മിസ്ബാഹി, സിദ്ദീഖ് പൂത്തപ്പലം, ഖിളര്‍ അഹമ്മദ് സഖാഫി, കെ കെ മൂസ സഅദി, ഇ കെ എ റഹ്മാന്‍, നസീര്‍ തെക്കേക്കര, റാഷിദ് ഹിമമി, എ കെ മഹമൂദ് മുന്‍ഷി, ഇബ്‌റാഹിം നീലംപാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലിക്ക് സമാപനമായി നടന്ന പരിപാടിയില്‍ അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.