ആത്മഹത്യയുടെ പ്രത്യാഘാതങ്ങള്‍

Posted on: December 7, 2013 6:30 pm | Last updated: December 7, 2013 at 6:30 pm

ദുബൈയില്‍ ആഗോളഗ്രാമത്തിനു സമീപം ഒരു പാക്കിസ്ഥാന്‍ സ്വദേശി മക്കളെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് യു എ ഇയിലെ വിദേശീ സമൂഹത്തിനാകെ നടുക്കമായിട്ടുണ്ട്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് രണ്ടും ഏഴും വയസുള്ള പെണ്‍മക്കളെ കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കിയത്. സാമ്പത്തികമായി ഉന്നതിയിലുള്ള കുടുംബമാണിത്. ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ പൊരുത്തക്കേടാണ് ഗൃഹനാഥനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ഭാര്യ, ഷാര്‍ജയില്‍ ഷാരൂഖ് ഖാന്റെ സ്റ്റേജ് പരിപാടി കാണാന്‍ പോയിരിക്കുകയായിരുന്നു. ഇവര്‍ രാത്രി വൈകി തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെയും മക്കളെയും കാണാനില്ലായിരുന്നു. വേലക്കാരി ഉറങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു.
ഭാര്യക്ക് മികച്ച ജീവിതം ലഭ്യമാകുന്നതിനാണ് താനും മക്കളും ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതായി പോലീസ് പറഞ്ഞു. അതിനര്‍ഥം, ഭാര്യയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ്. ഭാര്യ, ബോധക്ഷയത്താല്‍ ആശുപത്രിയിലായി.
ഏതാനും ദിവസം മുമ്പ്, വിദ്യാലയ ജീവനക്കാരിയായ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുമ്പാണ് ഈ സംഭവം. മലയാളിയുടെ കൊലപാതകവും ദുബൈയില്‍ തന്നെ. രണ്ട് വര്‍ഷം മുമ്പ്, മകളെ കൊലപ്പെടുത്തിയ ഭാര്യയും ഭര്‍ത്താവും ആത്മഹത്യക്ക് ശ്രമിച്ചതും ദുബൈയില്‍. ഇതില്‍ ഭാര്യ പരുക്കുകളോടെ രക്ഷപ്പെട്ടു.
ആത്മഹത്യ ചെയ്യാന്‍ നിസാര കാരണം മതിയെന്നത് പുതിയ കാലത്തിന്റെ വൈരുധ്യതയാണ്. സമൂഹത്തില്‍ ഉന്നത പദവിയിലുള്ളവര്‍ പോലും ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ നിന്ന് ഒളിച്ചോടുകയാണ്.
കഴിഞ്ഞ വര്‍ഷം ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും 80 ഓളം പേര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 70 ശതമാനം പേര്‍ ഇന്ത്യക്കാരാണ്. ഭയപ്പെടുത്തുന്ന വഴികളാണ് പലരും ജീവനൊടുക്കാന്‍ തിരഞ്ഞെടുക്കുന്നത്. 36 വയസുള്ള ഒരു ഇന്ത്യക്കാരന്‍ മെട്രോ ട്രെയിനിനു മുന്നില്‍ ചാടിയാണ് ജീവന്‍ വെടിഞ്ഞത്.
സാമ്പത്തിക പ്രശ്‌നങ്ങളാണ് ഭൂരിപക്ഷം പേരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. വന്‍ സ്വപ്‌നങ്ങളുമായി കടല്‍ കടന്നെത്തുകയും അത് തകര്‍ന്നുവെന്ന് ബോധ്യപ്പെടുമ്പോള്‍ ജീവന്‍ വെടിയണമെന്ന് തോന്നുകയും ചെയ്യുന്നു.
കുടുംബ പ്രശ്‌നങ്ങളും ഒട്ടും പിന്നിലല്ല. ദാമ്പത്യ ജീവിതത്തിലെ പെരുത്തക്കേടുകളാണ് കടുംകൈക്ക് പ്രേരിപ്പിക്കുന്നത്. അതേസമയം, ആത്മഹത്യക്കെതിരെ ബോധവത്കരണം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. യു എ ഇ എക്‌സ്‌ചേഞ്ച് ‘സീറോ സൂയിസൈഡ്’ പ്രചാരണം നടത്തിയിരുന്നു.
മാനസിക പിരിമുറുക്കത്തിന് അയവുവരുത്താന്‍ കഴിഞ്ഞാല്‍ ഏത് സാഹചര്യത്തിലും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആകുമെന്ന് ബോധവത്കരണം തെളിയിച്ചതായി യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി ഇ ഒ. വൈ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.
യു എ ഇ എക്‌സ്‌ചേഞ്ച്, മാനസികരോഗവിദഗ്ധരുടെ സഹായത്തോടെയാണ് ബോധവത്കരണം നടത്തിയത്. നിരവധിപേര്‍ക്ക് ചിന്താവെളിച്ചം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞുവെന്നും സുധീര്‍ കുമാര്‍ ഓര്‍ക്കുന്നു.
യു എ ഇ-ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും സഹായഹസ്തങ്ങളുണ്ട്. അവരുടെ മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചാല്‍ മാനസിക പിരിമുറുക്കത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ കഴിയും. ഈ സന്ദേശം പല തൊഴിലാളി കേന്ദ്രങ്ങളിലും എത്തിയിട്ടില്ല. സാമൂഹിക സന്നദ്ധ സേവകര്‍ ഈ ദൗത്യം ഒരിക്കല്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ട്.
സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നതും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ആത്മഹത്യയില്‍ നിന്നും മറ്റും കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കനുള്ള വഴിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളീയരില്‍ വിഷാദ രോഗം കൂടുതലാണ്. 35 ശതമാനം പേര്‍ വിഷാദ രോഗത്തിന് അടിമകളാണെന്നാണ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ പഠനം.
18നും 28നും ഇടയിലുള്ളവരില്‍ പലര്‍ക്കും വിഷാദരോഗമുണ്ട്. ഇവര്‍ മദ്യപാനത്തിന് അടിമകളാകുന്നു. ചിലര്‍ വേഗം ജീവനൊടുക്കുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തക ആത്മഹത്യ ചെയ്തത് കേരളത്തെയും നടുക്കി.
ഗള്‍ഫില്‍ ആത്മഹത്യ ചെയ്യുന്നത്, പരിസരവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സംശയകരമായ സാഹചര്യമാണെങ്കില്‍ സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നടപടികള്‍ക്ക് വിധേയമാകാറുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബാധ്യതയും ഇവരുടെ തലയിലാകുന്നു.
കടക്കെണിയില്‍പ്പെടുന്നതാണ് നല്ലൊരു ശതമാനം ആത്മഹത്യകള്‍ക്കും കാരണം. പലിശക്കാരുടെ പ്രലോഭനത്തില്‍പ്പെട്ട് ജീവിതം ഹോമിക്കപ്പെട്ടവര്‍ ധാരാളം. ഷാര്‍ജയില്‍ പ്രമുഖ സംഘടനയുടെ നേതാവ് തന്നെ ഇരയായി. എന്നിട്ടും പലിശക്കാരുടെ തേര്‍വാഴ്ച അവസാനിച്ചിട്ടില്ല. യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ ഇപ്പോഴും പലിശക്കാരുടെ ക്രൂരതകള്‍ അരങ്ങേറുന്നു; ആത്മഹത്യകള്‍ തുടരുന്നു.
കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്ന യുവതികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സ്ത്രീകളാണ് ഷാര്‍ജയില്‍ വിവിധ ഭാഗങ്ങളില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. പരിസരവാസികള്‍ക്ക് വലിയ നടുക്കമാണ് ഉണ്ടായത്. കാഴ്ച കാണുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് വേണ്ടി വരുന്നു .