മാവോയിസ്റ്റുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു

Posted on: December 7, 2013 12:58 pm | Last updated: December 7, 2013 at 12:58 pm

കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിലും മാവോയിസ്റ്റുകളെ കണ്ടെത്തി. എസ്‌റ്റേറ്റിലെ വാച്ചറായ എടപ്പെറ്റ മുഹമ്മദാണ് തോക്കുധാരികളായ രണ്ടാളുകളെ കണ്ടത്. തോളില്‍ തോക്കിന്റെ തിരകള്‍ തൂക്കിയ മാലകളും ഉണ്ടെന്ന് മുഹമ്മദ് പറഞ്ഞു. ചുവന്ന വസ്ത്ര ധാരികളാണ് അവര്‍ എന്നും, കാടിനുള്ളിലേക്ക് തന്നെ തിരികെ പോയെന്നും മുഹമ്മദ് പറഞ്ഞു. ഇന്നലെ രാവിലെ 10.45ലാണ് സംഭവം. പുല്ലങ്കോട് എസ്റ്റേറ്റിലെ കളിമുറ്റത്തിന് സമീപത്തെ 25 ഏക്കറിന്റെ അതിര്‍ഥിയിലാണ് മാവോയിസ്റ്റുകളെ കണ്ടത്. പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന രണ്ട് പേരും മുഹമ്മദിനോട് എന്തൊക്കെയോ ചോദിക്കുകയും ചെയ്തു. ഇവര്‍ സംസാരിച്ച ഭാഷ എന്താണെന്ന് മുഹമ്മദിന് അറിയില്ല. പെട്ടന്ന് തന്നെ വനാതിര്‍ത്ഥിയിലെ റോഡിലൂടെ കാട്ടിലേക്ക് പോകുകയും ചെയ്തു.
ഉടന്‍തന്നെ എസ്റ്റേറ്റ് അതികൃതരെ വിവരം അറിയിക്കുകയും കാളികാവ് എസ് ഐയുടെ നേതൃത്വത്തില്‍ പോലീസും, കരുവാരകുണ്ട് ഫോറസ്റ്റേ സ്റ്റേഷനിലെ ഡപ്പ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരും സംഭവസ്ഥലത്ത് എത്തി. മുഹമ്മദിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും മാവോയിസ്റ്റുകള്‍ ഇരുന്ന സ്ഥലവും പോയ സ്ഥലവും എല്ലാം പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആരേയും കണ്ടെത്താനായില്ല. വണ്ടൂര്‍ സി ഐയും നിലമ്പൂര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് സ്‌കോഡിലെ എസ് ഐയും സംഭവ സ്ഥലം പരിശോധിച്ചു. മുഹമ്മദുമായും എസ്റ്റേറ്റ് അധികൃതരുമായും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. സൈലന്റ് വാലി ബഫര്‍സോണിനോട് ചേര്‍ന്ന ചേനപ്പാടി, പുല്ലങ്കോട്, ചെങ്കോട് മലവാരങ്ങള്‍ പശ്ചിമഘട്ട മലനിരകളിലേക്കാണ് മാവോയിസ്റ്റുകള്‍ കടന്ന് കളഞ്ഞത്. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയിലധികമായി മാവോയിസ്റ്റുകളുടെ സാനിധ്യം കാണപ്പെട്ടിട്ടുണ്ട്. റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ചന്ദ്രന് നേരെ വെടിവെപ്പ് വരേ നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ പരിധിയിലേക്കും മാവോയിസ്റ്റുകളുടെ സാനിധ്യം വ്യാപിച്ചിട്ടുണ്ടെന്നാണ് പുല്ലങ്കോട് മാവോയിസ്റ്റുകളെ കണ്ട സംഭവം സൂചിപ്പിക്കുന്നത്.