യൂത്ത് ലീഗിന്റെ പേരില്‍ ഒരേ അങ്ങാടിയില്‍ രണ്ട് ക്യാമ്പ്; ഒടുവില്‍ സംഘര്‍ഷം

Posted on: December 7, 2013 12:57 pm | Last updated: December 7, 2013 at 12:57 pm

തേഞ്ഞിപ്പലം: ചേരിതിരിഞ്ഞ് യൂത്ത്‌ലീഗുകാര്‍ നടത്തിയ പ്രതിനിധിക്യാമ്പ് സംഘര്‍ഷത്തില്‍ കലാശിച്ചു. ഒരേ അങ്ങാടിയിലാണ് പഞ്ചായത്ത് യൂത്ത്‌ലീഗിന്റെ പേരില്‍ ഇരുവിഭാഗം വ്യത്യസ്ഥമായി പരിപാടി സംഘടിപ്പിച്ചത്. പള്ളിക്കല്‍ ബസാര്‍ അങ്ങാടിയിലാണ് സംഭവം. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ തങ്ങളെയും മുന്‍ പ്രസിഡന്റ് വി പി ശുക്കൂറിനെയും അനുകൂലിക്കുന്ന വിഭാഗങ്ങള്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മുസ്തഫ തങ്ങളെ അനുകൂലിക്കുന്നവര്‍ പഞ്ചായത്തിന് സമീപവും മറുവിഭാഗം ടൗണിലെ സ്വകാര്യ കെട്ടിടത്തിലുമാണ് സംഘടിച്ചത്.
പഞ്ചായത്ത് മുസ്‌ലിംലീഗ് ആഹ്വാനപ്രകാരം നടത്തിയ പരിപാടിയാണ് ഇരുവിഭാഗവും വ്യത്യസ്ഥമായി സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പരസ്പരം പോര്‍വിളിയും കൈയ്യാങ്കളിയുമുണ്ടായത്. ഇരുവിഭാഗത്തില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പരിപാടിക്കെത്തിയ അഡ്വ കെ എന്‍ എ ഖാദര്‍ എം എല്‍ എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായീന്‍ ഹാജിയും ഇരുവിഭാഗത്തിന്റെയും പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോയി. മണ്ഡലം യൂത്ത്‌ലീഗിന്റെ നിയന്ത്രണത്തില്‍ പരിപാടി നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. നേതാക്കാള്‍ മടങ്ങിയതോടെ പരിപാടി ഉപേക്ഷിച്ച് ശുക്കൂറിനെ അനുകൂലിക്കുന്നവര്‍ ടൗണില്‍ പ്രകടനം നടത്തി. നേതാക്കന്‍മാരുടെ അഭാവത്തില്‍ മുസ്തഫ തങ്ങളെ അനുകൂലിക്കുന്നവര്‍ ക്യാമ്പുമായി മുന്നോട്ടു പോകുകയും ചെയ്തു.
പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ച പരിപാടിയില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി പി ശുക്കൂറിനെ പങ്കെടുപ്പിക്കില്ലെന്ന് മറുവിഭാഗം വാശിപിടിച്ചതാണ് ഇരുവിഭാഗവും വെവ്വേറെ പരിപാടി സംഘടിപ്പിക്കാന്‍ കാരണം. ഏറെ നാളായി പള്ളിക്കല്‍ പഞ്ചായത്തില്‍ അധികാരപിടിവലിയുടെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്. ഇതാണ് ഇന്നലെ അടിപിടിയില്‍ കലാശിച്ചത്. ഇരുവിഭാഗവും ചേരിതിരിഞ്ഞ് പരിപാടി നടത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മണ്ഡലം നേതൃത്വം ഇടപ്പെട്ട് ഇരുവിഭാഗത്തോടും പിന്‍മാറാനും മണ്ഡലം കമ്മറ്റിയുടെ നിയന്ത്രണത്തില്‍ പരിപാടി നേരിട്ട് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പരിപാടിയുമായി മുന്നോട്ടു പോയതോടെയാണ് മറുവിഭാഗവും പരിപാടി ആസുത്രണം ചെയ്തത്. പ്രശ്‌നപരിഹാരത്തിനായി ശ്രമം നടത്തുന്നതിനിടയില്‍ അഭിപ്രായവ്യത്യാസവുമായി മുന്നോട്ടു പോകുന്ന ഇരുവിഭാഗവും കൈയ്യാങ്കളിയിലെത്തിയത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.