വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Posted on: December 7, 2013 6:01 am | Last updated: December 6, 2013 at 10:02 pm

കാഞ്ഞങ്ങാട്: വരക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി വിദുല എം നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരായ അധ്യപകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇക്കഴിഞ്ഞ നവംബര്‍ 13നാണ് വിദുലയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദുലയുടെ എസ് എസ് എല്‍ സി തയ്യാറാക്കേണ്ട ആവശ്യത്തിനായുള്ള രേഖകള്‍ നല്‍കിയില്ലെന്നാരോപിച്ച് പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വിളിച്ചുവരുത്തി അധ്യാപകര്‍ ശകാരിക്കുകയും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഈവര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതാനാവില്ലെന്ന് അധ്യാപകര്‍ ഭീഷണി മുഴക്കിയിരുന്നുവെന്നുമാണ് പിതാവ് മുരളീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്നും പരാതിയില്‍ കുറ്റപ്പെടുത്തി.