ഖുതുബ നിര്‍വഹിക്കുന്നതിനിടെ ഖത്തീബിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു

Posted on: December 6, 2013 11:53 pm | Last updated: December 6, 2013 at 11:53 pm

പരപ്പ: ജുമുഅ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായെത്തി ഖത്തീബിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. പരപ്പ ക്ലായിക്കോട് ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഹമീദ് സഖാഫിയെയാണ് ഖുതുബ നിര്‍വഹിക്കുന്നതിനിടെ ചേളാരി വിഭാഗം ആക്രമിച്ചത്. അക്രമം തടയാനെത്തിയ അബ്ദുന്നാസിറിനും സാജിദിനും പരുക്കേറ്റു. ഇവര്‍ നീലേശ്വരം സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
ക്ലായിക്കോട് സുന്നി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പള്ളിയും മദ്‌റസയും പിടിച്ചെടുക്കാന്‍ നാളുകളേറെയായി വിഘടിത വിഭാഗം ശ്രമിച്ചുവരികയാണ്. അന്യപ്രദേശത്തുകാരുടെ സഹായത്തോടെ ഇതിനു മുമ്പ് മദ്‌റസയില്‍ ഈ വിഭാഗം അക്രമം നടത്തിയിരുന്നു. ക്ലായിക്കോട് മഹല്ലില്‍ 54 ഓളം വീടുകളില്‍ ഏഴെണ്ണം മാത്രമാണ് വിഘടിത വിഭാഗത്തിന് അനുകൂലമായുള്ളത്.
അക്രമത്തിനിടയില്‍ സുന്നികള്‍ ഖുത്തുബയും ജുമുഅയും പൂര്‍ത്തിയാക്കിയെങ്കിലും അക്രമികള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയും ചെയ്തു. മുണ്ട്യാനം സ്വദേശികളായ സുലൈമാന്‍, ഹസൈനാര്‍, ശമീര്‍, മൊയ്തു മുണ്ട്യാനം, ശഫീഖ്, ശക്കീബ്, അന്തു, അബ്ദുറഹ്മാന്‍ എന്നിവരാണ് തങ്ങളെ മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, നാസര്‍ ബന്താട്, ബശീര്‍ മങ്കയം, നസീര്‍ തെക്കേക്കര തുടങ്ങിയ സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു.
സംഭവത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി, എസ് എം എ ജില്ലാ കമ്മിറ്റി, കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.