Connect with us

Malappuram

യുവതിയെ കൊന്ന് ട്രാക്കില്‍ തള്ളിയ സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്

Published

|

Last Updated

തൃശൂര്‍: യുവതിയെ കൊന്ന് റെയില്‍വെ ട്രാക്കില്‍ തള്ളിയ കേസില്‍ പ്രതിയെ കൊലക്കേസില്‍ ജീവപര്യന്തത്തിനും സ്വര്‍ണങ്ങള്‍ മോഷണം നടത്തിയതിന് ഏഴുവര്‍ഷം കഠിന തടവിനും തൃശൂര്‍ അതിവേഗ കോടതി ശിക്ഷിച്ചു.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. മലപ്പുറം സ്വദേശിനി ബിന്ദുവിനെ പ്രണയം നടിച്ച് തൃശൂരിലെത്തിച്ച് കോട്ടപ്പുറം റെയില്‍വെ ട്രാക്കിന് സമീപംവെച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം റെയില്‍വെ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ കേസില്‍ മലപ്പുറം സ്വദേശി സുബ്രഹ്മണ്യനെ(38)യാണ് തൃശൂര്‍ അതിവേഗ കോടതി രണ്ടാം നമ്പര്‍ ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. 2012 മാര്‍ച്ച് 30നാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ബിന്ദുവിനെയും കൊണ്ട് എറണാകുളത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയും ബിന്ദു തുടര്‍ച്ചയായി വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ യുവതിയെയും കൊണ്ട് സുബ്രഹ്മണ്യന്‍ തൃശൂരിലെത്തുകയായിരുന്നു.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം കോട്ടപ്പുറം ഭാഗത്തെ റെയില്‍വേ ട്രാക്കിലൂടെ ഇരുവരും നടക്കുകയും ഇതിനിടെ ബിന്ദുവിന്റെ ഷാളെടുത്ത് കഴുത്തില്‍ മുറുക്കി കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ശരീരം ട്രാക്കിലിടുകയും ഇതുവഴി കടന്നുപോയ ട്രെയിന്‍ കയറി ശരീരം ചിന്നഭിന്നമാവുകയുമായിരുന്നു. യുവതി ട്രെയിനിടിച്ച് മരിച്ചതാണെന്ന നിഗമനത്തിലാണ് വെസ്റ്റ് പൊലീസ് ആദ്യം കേസന്വേഷണം തുടങ്ങിയതെങ്കിലും യുവതിയുടെ മൊബൈല്‍ഫോണും മറ്റും പരിശോധിച്ചതിനെ തുടര്‍ന്ന് പ്രണയവും വിവാഹ വാഗ്ദാനവുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോയ് എം ജോണ്‍ ഹാജരായി.