ജയില്‍ വകുപ്പ് നിഷ്ക്രിയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: December 5, 2013 5:23 pm | Last updated: December 5, 2013 at 5:23 pm

kodiyeriതിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ വകുപ്പ് നിഷ്‌ക്രിയമാണെന്ന്  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണെന്നും കോടിയേരി പറഞ്ഞു.

ഭരണ രംഗത്ത് അരാജകത്വമാണ് നടമാടുന്നത്. സര്‍ക്കാരിന് ജയിലുകളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ട സ്ഥിതിവിശേഷമാണ്. ജയിലിനകത്തെ ദൃശ്യങ്ങള്‍ എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും തടവുകാരനുമായി ചാനല്‍ പ്രതിനിധി സംസാരിച്ചതും ശാസ്ത്രീയമായി പരിശോധിക്കണം. ആഭ്യന്തര മന്ത്രിക്ക് ഉദ്യോഗസ്ഥരേയും തിരിച്ചും വിശ്വാസമില്ല. ജയില്‍ ഡി.ജി.പിയെ മാറ്റി മുഖം രക്ഷിക്കാന്‍ ശ്രമിക്കാതെ  ആഭ്യന്തര മന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമുണ്ടാക്കി ഈ പ്രതികളെ ജയില്‍ മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.  ജയിലില്‍ ബാലകൃഷ്ണപിള്ളയും തടിയന്റവിട നസീറും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 39 തടവുകാര്‍ ജയില്‍ ചാടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഈ സംഭവത്തില്‍ ധൃതിപിടിച്ച് നടപടിയെടുത്തെതെന്നും അദ്ദേഹം പറഞ്ഞു.