Connect with us

Kerala

ജയില്‍ ചട്ട ലംഘനം: ഉത്തരവാദി താന്‍ മാത്രമെന്ന് ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയില്‍ ചട്ടം ലംഘിച്ച് മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ഉത്തരവാദി താന്‍ മാത്രമാണെന്ന് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്കോ കീഴുദ്യോഗസ്ഥര്‍ക്കോ ഉത്തരവദിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ട് നടപടിക്കായി അയച്ചിട്ടുണ്ട്. ജയിലുകളില്‍ റെയ്ഡുകള്‍ നടത്തിയെന്നും ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍ മേല്‍ നടപടിയെടുത്തില്ല എന്നത് ശരിയല്ലെന്നും ജയില്‍ ഡി ജി പി പറഞ്ഞു.

ടി പി വധക്കേസില്‍ ഈ മാസം 30ന് വിധി പറയാനിരിക്കെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇപ്പോഴത്തെ വിവാദമെന്ന് സംശയിക്കുന്നു. പ്രതികള്‍ക്കെതിരെ ജഡ്ജിയെ സ്വാധീനിക്കലാകാം വിവാദത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല, ബാറ്ററിയും ചാര്‍ജറുകളുമാണ് കണ്ടെടുത്തത്. മൊബൈല്‍ കയറാത്ത ഒരു ജയിലും ഈ ലോകത്തില്ല.1200 പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന തിഹാര്‍ ജയിലില്‍ പോലും മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. വിചാരണത്തടവുകാര്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷതയില്ല.

ടി. പി വധക്കേസിലെ പ്രതി പി.മോഹനനെ ഭാര്യയും എംഎല്‍യുമായ ലതിക കണ്ടതില്‍ ചട്ടലംഘനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയ്ക്ക് ഭര്‍ത്താവിനെ കാണാം. ഒരു എംഎല്‍എയ്ക്ക് ഏതു തടവുകാരനെയും കാണാമെന്നും ഡി ജി പി പറഞ്ഞു.

Latest