Connect with us

Gulf

മെയ്ഡ് ഇന്‍ യു എ ഇ പ്രദര്‍ശനം ഒമ്പത് മുതല്‍

Published

|

Last Updated

ഷാര്‍ജ: പ്രഥമ മെയ്ഡ് ഇന്‍ യു എ ഇ പ്രദര്‍ശനവും സമ്മേളനവും ഈ മാസം ഒമ്പത് (തിങ്കള്‍) മുതല്‍ 12 വരെ ഷാര്‍ജ എകസ്‌പോ സെന്ററില്‍ നടക്കും. എണ്ണയിതര ഉത്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് രാജ്യത്തെ നിര്‍മാതാക്കളുടെ വലിയ സംഗമം ഒരുക്കുന്നതെന്ന് യു എ ഇ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അസി. സെക്രട്ടറി ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ നുഐമി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യോത്പന്നങ്ങള്‍, വ്യാവസായികോത്പന്നങ്ങള്‍, നിര്‍മാണ വസ്തുക്കള്‍, വീട്ടു സാധനങ്ങള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന 250 ലധികം കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, മരം കൊണ്ടുള്ള ഉത്പന്നങ്ങള്‍, കടലാസ് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ശേഖരവുമുണ്ടാകും.
രാജ്യത്ത് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനാണ് മേള ഒരുക്കുന്നത്. എക്‌സ്‌പോ 2020 വരുന്നതോടെ ആഭ്യന്തരമായി ഉത്പാദിപ്പിച്ച വസ്തുക്കള്‍ക്ക് വലിയ ഡിമാന്റ് കൈവരുന്നത് മുന്നില്‍ കണ്ടാണ് ഇത്തരമൊരു പ്രദര്‍ശനത്തിന് ഒരുങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാര്‍മികത്വത്തിലാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രദര്‍ശനം ഒരുക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രദര്‍ശനം. വ്യാവസായിക സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഷാര്‍ജ എക്‌സ്‌പോ സി ഇ ഒ സൈഫ് മുഹമ്മദ് അല്‍ മിദ്ഫ, ഫെഡറേഷന്‍ ഓഫ് ചേംബര്‍ ആന്‍ഡ് കൊമേഴ്‌സ്യന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി ഡെപ്യൂട്ടി ഡയറക്ടര്‍ സുല്‍ത്താന്‍ ജിമി ഉബൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.