Connect with us

Ongoing News

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

Published

|

Last Updated

ജോഹന്നസ്ബര്‍ഗ്: മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃമികവിലും യുവത്വത്തിന്റെ കരുത്തിലും കുതിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പരീക്ഷണ കാലം ഇന്നാരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. ജൊഹന്നസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ വിദേശ പര്യടനം കൂടിയാണിത്. യുവതാരങ്ങളുടെ പുതുനിരയിലാണ് ടീം ഇന്ത്യയുടെ ഭാവി. ശിഖര്‍ ധവാനും രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ചേരുന്ന ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. മൂന്ന് പേരും കലണ്ടര്‍ വര്‍ഷം ആയിരം ഏകദിന റണ്‍സ് തികച്ചു കഴിഞ്ഞു. ശരാശരിയാകട്ടെ അമ്പതിന് മുകളിലും. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇവരുടെ സ്‌കോറിംഗ്. അതേ സമയം ബാറ്റിംഗ് ഓര്‍ഡറിലെ മധ്യനിരക്കാരായ സുരേഷ് റെയ്‌നയും യുവരാജ് സിംഗും ഇനിയും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഈ വര്‍ഷം 31 മത്സരങ്ങളില്‍ റെയ്‌നയുടെ ശരാശരി 36 ആണ്. യുവരാജ് 21 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ശരാശരി 21.23 ഉം.
ഇവരുടെ അവസാന ഒമ്പത് മത്സരങ്ങളെടുത്താല്‍ പ്രകടന നിലവാരം ഏറെ താഴെയാണ്. റെയ്‌ന 22.42ഉം യുവരാജ് 19.66ഉം. ധവാനും രോഹിതും കോഹ്‌ലിയും അനായാസം സ്‌കോറിംഗ് നടത്തിയപ്പോഴാണ് ഇവരുടെ പരാജയം. അതേ സമയം ആറാം സ്ഥാനത്തിറങ്ങുന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തകര്‍പ്പന്‍ ഫോം നിലനിര്‍ത്തുന്നു. 23 മത്സരങ്ങളില്‍ 66.90 ആണ് ധോണിയുടെ ബാറ്റിംഗ് ശരാശരി. എട്ട് മത്സരങ്ങളില്‍ നോട്ടൗട്ട്. നാല് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ധോണി നേടി.
ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാരുടെ ബലഹീനതകള്‍ മനസ്സിലാക്കി എറിയുന്ന ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ഡെയില്‍ സ്റ്റെയിന്‍, മോര്‍നി മോര്‍ക്കല്‍, വെര്‍നോന്‍ ഫിലാണ്ടര്‍, ജാക്വസ് കാലിസ് എന്നിവരാണ് ആതിഥേയരുടെ വേഗക്കൂറ്റന്‍മാര്‍.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്നേവരെ ഏകദിന പരമ്പര ജയിച്ചിട്ടില്ലാത്ത ഇന്ത്യക്ക് പാക്കിസ്ഥാന്റെ പരമ്പര ജയം പുത്തന്‍ പ്രതീക്ഷയേകുന്നു. എ ബി ഡിവില്ലേഴ്‌സിന്റെ നേതൃത്വത്തിലുള്ള ആതിഥേയ സംഘം പാക്കിസ്ഥാനോടേറ്റ പരാജയം മായ്ച്ചു കളയാന്‍ ഇന്ത്യക്കെതിരെ മികച്ച വിജയം തന്നെ ലക്ഷ്യമിടുന്നു.
പരിശീലക സ്ഥാനത്ത് നിന്ന് ഗാരി കേര്‍സ്റ്റന്‍ പിന്‍വാങ്ങിയതിന് ശേഷം റസല്‍ ഡൊമിംഗോക്ക് കീഴില്‍ ടീം ആശാവഹമായ പ്രകടനം പുറത്തെടുത്തിട്ടില്ല. ഡിവില്ലേഴ്‌സിന്റെ ക്യാപ്റ്റന്‍സിയും അത്ര മികച്ചതല്ല. സമ്മര്‍ദഘട്ടങ്ങളില്‍ ടീം പതറുന്നതാണ് ഡിവില്ലേഴ്‌സ് നേരിടുന്ന പ്രധാന വെല്ലുവിളി. ചേസ് ചെയ്ത അവസാന എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.
ഈ വര്‍ഷം രണ്ട് തവണ 360 ലേറെ ടോട്ടല്‍ ഉയര്‍ത്തിയ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പും ദക്ഷിണാഫ്രിക്കയുടെ പേസ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇത്.
വെറ്ററന്‍ താരം ജാക്വിസ് കാലിസിന്റെ തിരിച്ചുവരവോടെ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ദക്ഷിണാഫ്രിക്ക നിര്‍ബന്ധിതമായിരിക്കുകയാണ്. പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ പുറത്തിരുന്ന സ്റ്റെയ്‌നും കാലിസും ഗ്രെയിം സ്മിത്തും തിരിച്ചെത്തും. രണ്ട് ആള്‍ റൗണ്ടര്‍മാര്‍ ഉള്‍പ്പടെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുണ്ടാകും.
സാധ്യതാ ഇലവന്‍ ഇങ്ങനെ : ഹാഷിം അംല, ഗ്രെയിം സ്മിത്, ക്വിന്റന്‍ ഡി കോക് (വിക്കറ്റ് കീപ്പര്‍), ജാക്വിസ് കാലിസ്, എ ബി ഡിവില്ലേഴ്‌സ് (ക്യാപ്റ്റന്‍), ജെ പി ഡുമിനി, റിയാന്‍ മക്‌ലാരന്‍, ഡെയില്‍ സ്റ്റെയിന്‍, മോര്‍നി മോര്‍ക്കല്‍, ലോന്‍വാബോ സോട്‌സോബെ, ഇമ്രാന്‍ താഹിര്‍.
മൂന്ന് സീമര്‍മാരും രണ്ട് സ്പിന്നര്‍മാരും ഉള്‍പ്പെടുന്നതാകും ഇന്ത്യന്‍ നിര.
സാധ്യതാ ഇലവന്‍ ഇങ്ങനെ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മൊഹിത് ശര്‍മ.

ഡെയില്‍ സ്റ്റെയിന്‍

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരത്തില്‍ ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താനുള്ള കരുത്ത് ഇന്ത്യന്‍ ബൗളിംഗ് നിരക്കുണ്ടെങ്കിലേ രക്ഷയുള്ളൂ. അതു പോലെ, ഡെയില്‍ സ്റ്റെയിന്‍ എന്ന മാരക പേസറെ നേരിടുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ നൈപുണ്യം കാണിക്കുകയും വേണം. അല്ലാത്ത പക്ഷം, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സാധ്യത വിദൂരം. ഇന്ത്യന്‍ ടീമിന്റെ മുന്‍ ബൗളിംഗ് കോച്ച് എറിക് സിമണ്‍സിന്റെതാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും ചേരുന്ന ബൗളിംഗ് വിക്കറ്റ്. ലൈനും ലെംഗ്തും കൃത്യമാക്കി സ്ഥിരതയോടെ പന്തെറിയുന്നവര്‍ക്ക് വലിയ സാധ്യതകളാണ് മുന്നിലുള്ളത്. സഹീര്‍ഖാന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ക്യാമ്പിന് ഉണര്‍വേകും. പ്രത്യേകിച്ച് ടീം ക്യാപ്റ്റന്. സഹീറിന്റെ പരിചയ സമ്പത്ത് വലിയ ഘടകമാണ്. എതിര്‍ ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യങ്ങള്‍ പഠിച്ചെറിയുന്നതില്‍ മിടുക്കുനാണ് സഹീര്‍. പേസ് നിരയിലെ യുവാക്കളിലും സിമണ്‍സിന് പ്രതീക്ഷയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ പന്തെറിയണമെന്ന് എത്ര വേഗം പഠിച്ചെടുക്കുന്നുവെന്നത് അനുസരിച്ചാകും യുവാക്കളുടെ വിജയം.
ഇന്ത്യക്ക് പരമ്പര ജയിക്കണമെങ്കില്‍ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് മികവ് കാണിച്ചേ മതിയാകൂ. ഭേദപ്പെട്ട ടോട്ടല്‍ നേടിയാല്‍ ബൗളര്‍മാരുടെ മികവ് ഉപയോഗിച്ച് സന്ദര്‍ശക ടീമിന് അട്ടിമറി സൃഷ്ടിക്കാമെന്ന് സിമണ്‍സ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഡെയില്‍ സ്റ്റെയിനെ നേരിടുന്നത് പോലിരിക്കും എല്ലാം. കൃത്യതയും കണിശതയും ചേര്‍ത്ത് സ്ഥിരതയോടെ പന്തെറിയുന്ന സ്റ്റെയിനെ വെല്ലാന്‍ പോന്ന ഒരു പേസര്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ ഇല്ലെന്ന് സിമണ്‍സ് പറയുന്നു. ഇന്ത്യയുടെ പുതിയ കണ്ടെത്തല്‍ മുഹമ്മദ് ഷമിക്കും മനസ് വെച്ചാല്‍ തീപ്പൊരിയാകാനുള്ള പ്രതിഭയുണ്ടെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ നിരീക്ഷിക്കുന്നു. ഷമിയുടെ സ്ഥിരതയാണ് സിമണ്‍സിനെ ആകര്‍ഷിക്കുന്നത്. ഏതൊരു ക്യാപ്റ്റനും ആഗ്രഹിക്കുന്ന തരത്തിലുള്ള പേസറാണ് ഷമി.

 

 

Latest