അത്‌ലറ്റിക് മീറ്റ്; സ്വര്‍ണക്കൊയ്ത്തുമായി കൗമാരം

Posted on: December 5, 2013 8:51 am | Last updated: December 5, 2013 at 8:51 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളിജിയറ്റ് അത്‌ലറ്റിക് മീറ്റില്‍ പുതിയ ദൂരവും വേഗവും തേടി കൗമാരം കുതിപ്പ് തുടരുന്നു. നാനൂറോളം കോളജുകള്‍ മത്സരിക്കുന്ന മീറ്റില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. കായികനേട്ടത്തിന് പേര് കേട്ട പാലക്കാട് പറളി സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയ മേഴ്‌സി കോളജിലെ കുട്ടികള്‍ മീറ്റിലെ താരത്തിളക്കമാകുകയാണ്.
വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തിലും ഹാമര്‍ ത്രോയിലും സ്വര്‍ണവും വെള്ളിയും മഴ്‌സി കോളജിലെ കുട്ടികളാണ് സ്വന്തമാക്കിയത്. വനിതാവിഭാഗം ട്രിപ്പിള്‍ ജമ്പ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോയിലും ഇവര്‍ സ്വര്‍ണക്കൊയ്ത്ത് നടത്തി.
അയ്യായിരം മീറ്ററില്‍ വി വി ശോഭ സ്വര്‍ണം നേടിയപ്പോള്‍ ജിഷാ ഫ്രാന്‍സിസ് വെള്ളിമെഡല്‍ കരസ്ഥമാക്കി. ട്രിപ്പിള്‍ ജമ്പില്‍ എന്‍ ജെ ജിന്‍സിക്കാണ് സ്വര്‍ണം. ഷോട്ട്പുട്ടില്‍ മേഴ്‌സി കോളജിലെ തന്നെ കെ സുകന്യ 9.02 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ഹാമര്‍ ത്രോയില്‍ പി ടി തുഷാര 37.01 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും ഇതേ കോളജിലെ കെ സുകന്യ 33.10 മീറ്റര്‍ എറിഞ്ഞ് വെള്ളിയും കരസ്ഥമാക്കി.