Connect with us

Kerala

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും മേല്‍ത്തട്ട് പരിധി ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം: ക്രീമിലെയര്‍ പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തിയത് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും ബാധകമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൊഴില്‍ സംവരണത്തിന് മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയ അതേ മാനദണ്ഡമാകും ഇതിനും ബാധകമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ന്യൂനപക്ഷ കമ്മീഷനില്‍ പുതുതായി 11 തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, തൊഴില്‍ സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി ഉയര്‍ത്താന്‍ തീരുമാനിച്ച് ഒരു മാസം പിന്നിട്ടിട്ടും ഉത്തരവ് ഇറങ്ങാത്തത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച് വ്യക്തത വരാത്തത് കൊണ്ടാണ് ഉത്തരവ് ഇറങ്ങാതിരുന്നത്. ഇതിലും തീരുമാനമായ സാഹചര്യത്തില്‍ ഉടന്‍ ഉത്തരവ് ഇറങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണത്തിനും വിദ്യാഭ്യാസ ആനുകൂല്യത്തിനും നിലവിലുള്ള മേല്‍ത്തട്ട് വരുമാനപരിധി നാലര ലക്ഷം രൂപയാണ്.

ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയത് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും ബാധകമാക്കിയതോടെ പ്രൊഫഷനല്‍ കോഴ്‌സ് പ്രവേശത്തിന് ഉള്‍പ്പെടെ ഇതിന്റെ ആനൂകൂല്യം ലഭിക്കും. അടുത്ത വര്‍ഷത്തേക്കുള്ള പ്രൊഫഷനല്‍ കോഴ്‌സ് പ്രവേശത്തിന്റെ നടപടിക്രമങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ഇതിന്റെ പ്രൊസ്‌പെക്ടസ് ഇറക്കാനിരിക്കെ പരിധി ഉയര്‍ത്തി ഉത്തരവിറക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തിയതോടെ മാസം 50,000 രൂപ വരെ വരുമാനമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. കൃഷിക്കാരാണെങ്കില്‍ അഞ്ച് ഹെക്ടറാണ് സംവരണം ലഭിക്കുന്നതിനുള്ള പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിനുള്ള വരുമാന പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഈ തീരുമാനം സംസ്ഥാനത്തും നടപ്പാക്കണമെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. കേന്ദ്ര സര്‍ക്കാര്‍ വരുമാന പരിധി ഉയര്‍ത്തിയപ്പോള്‍ത്തന്നെ സംസ്ഥാനതലത്തിലും പരിധി ഉയര്‍ത്താത്തതിനാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും രണ്ട് വരുമാന പരിധി നിലനിന്നത് വിവിധ ജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഒരേ ജോലിക്കു തന്നെ കേന്ദ്ര സര്‍ക്കാറില്‍ അര്‍ഹതയുള്ളവര്‍ക്ക് സംസ്ഥാനത്ത് അയോഗ്യത വരുന്ന സാഹചര്യം നിലനില്‍ക്കുകയായിരുന്നു.
ശമ്പള പരിഷ്‌കരണവും വരുമാനവര്‍ധനയും ഉണ്ടാകുന്നതിനനുസരിച്ച് മേല്‍ത്തട്ട് പരിധിയും ഉയര്‍ത്തി നിശ്ചയിച്ചില്ലെങ്കില്‍ നിലവില്‍ ഈ ആനുകൂല്യം അനുഭവിക്കുന്നവര്‍ക്ക് അത് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. 1993 ലാണ് മേല്‍ത്തട്ടുകാരെ സംവരണത്തിന്റെ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായത്. തുടര്‍ന്ന് ജസ്റ്റിസ് ആര്‍ എന്‍ പ്രസാദ് കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആദ്യം ഒരു ലക്ഷം രൂപയായിരുന്നു സാമ്പത്തിക പരിധിയായി നിശ്ചയിച്ചത്. തുടര്‍ന്ന് അത് 2004 ല്‍ രണ്ടര ലക്ഷവും 2009ല്‍ നാലര ലക്ഷവുമായും ഉയര്‍ത്തി.

Latest