തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടം; ഡല്‍ഹിയില്‍ തൂക്കുസഭയെന്ന് എക്‌സിറ്റ് പോള്‍

Posted on: December 4, 2013 7:40 pm | Last updated: December 5, 2013 at 12:45 am

kejriന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്ന പ്രചനവുമായി വീണ്ടും എക്‌സിറ്റ് പോള്‍ ഫലം. 70 സീറ്റുള്ള നിയമസഭയില്‍ 32 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സി വോട്ടര്‍- ടൈംസ് നൗ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും 18 സീറ്റുകള്‍ വീതം ലഭിക്കുമെന്ന പ്രവചനമാണ് സര്‍വേ നടത്തുന്നത്. അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും ആം ആദ്മി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും സ്റ്റാര്‍ട്ടപ്പ് -റിയാഫൈ ടെക്‌നോളജീസ് പ്രവചിക്കുന്നു.

റിയാഫൈയുടെ വിശകലനപ്രകാരം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ 38 ശതമാനം വോട്ടും 37 സീറ്റുകളും നേടും. രണ്ടാം സ്ഥാനത്തെത്തുന്ന ബി ജെ പിക്ക് 37 ശതമാനം വോട്ടും 27 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. ബി എസ് പിക്ക് 14 ശതമാനത്തോളം വോട്ടും മൂന്ന് സീറ്റുകളുമാണ് ലഭിക്കുക. ആം ആദ്മി പാര്‍ട്ടിക്ക് 3.5 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ മേല്‍ക്കൈ നേടാന്‍ ഇത് പര്യാപ്തമല്ലെന്നും പറയുന്നു. അവശേഷിക്കുന്ന മൂന്ന് സീറ്റുകള്‍ മറ്റുള്ളവര്‍ നേടും. മുന്‍ തിരഞ്ഞെടുപ്പുകളുടെ ചരിത്രവും ഓണ്‍ലൈന്‍ വഴി ലഭ്യമായ വിവരങ്ങളും ഉപയോഗിച്ചാണ് തങ്ങള്‍ ഫലപ്രവചനത്തിലേക്കെത്തിയതെന്ന് റിയാഫൈ സി ഇ ഒ ജോണ്‍ മാത്യു പറഞ്ഞു.
ഡല്‍ഹിയില്‍ ബി ജെ പിക്ക് 29, കോണ്‍ഗ്രസിന് 21, ആം ആദ്മി പാര്‍ട്ടിക്ക് 16, മറ്റുള്ളവര്‍ക്ക് നാല് എന്നിങ്ങനെ സീറ്റുകള്‍ ലഭിക്കുമെന്നാണ് മറ്റൊരു എക്‌സിറ്റ് ഫലം പറയുന്നത്. എ ബി പി നെല്‍സണ്‍ സര്‍വേ പ്രകാരവും ഡല്‍ഹിയില്‍ ബി ജെ പിക്കാണ് മുന്‍തൂക്കം. 32 സീറ്റ് ബി ജെ പിക്കും 18 സീറ്റുകള്‍ വീതം കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ലഭിക്കുമെന്നാണ് പ്രവചനം. എ എ പി ഡല്‍ഹിയില്‍ നിര്‍ണായക ശക്തിയാകുമെന്നും പ്രവചനം സൂചിപ്പിക്കുന്നു.
ഛത്തീസ്ഗഢില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബി ജെ പി 44 സീറ്റ് നേടുമെന്നും തൊട്ടുപിറകില്‍ കോണ്‍ഗ്രസ് 41 സീറ്റ് നേടി കരുത്തു തെളിയിക്കുമെന്നും സര്‍വേ പറയുന്നു. ഛത്തീസ്ഗഢില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണം 90 ആണ്.
രാജസ്ഥാനില്‍ ഹെഡ്‌ലൈന്‍ ടുഡേയുടെ സര്‍വേ ഫലപ്രകാരം ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. 110 സീറ്റ് ബി ജെ പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 62 ഉം മറ്റുള്ളവര്‍ക്ക് 28 ഉം സീറ്റ് ലഭിക്കും. സി എന്‍ എന്‍, ഐ ബി എന്‍ സര്‍വേ പ്രകാരം ബി ജെ പിക്ക് 115-125 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 60- 68 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. മധ്യപ്രദേശ് ബി ജെ പി നിലനിര്‍ത്തുമെന്നാണ് പ്രധാന സര്‍വേകളെല്ലാം പ്രവചിക്കുന്നത്.