Connect with us

Ongoing News

ധോണി ഐ സി സി ഏകദിന ടീം ക്യാപ്റ്റന്‍

Published

|

Last Updated

മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) ടെസ്റ്റ്, ഏകദിന ടീമുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇടം നേടിയപ്പോള്‍ വിരാട് കോഹ്‌ലിക്ക് ഏകദിന സ്‌ക്വാഡില്‍ പോലും ഇടം ലഭിച്ചില്ല. ധോണിയാണ് ഏകദിന സ്‌ക്വാഡിന്റെ നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്.
തുടരെ ആറാം വര്‍ഷവും ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയ ധോണിക്ക് പുറമെ ഓപണര്‍ ശിഖര്‍ധവാനും ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ പ്രതിനിധികള്‍. ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിലെ തകര്‍പ്പന്‍ ഫോമാണ് ഇവര്‍ക്ക് ടീമിലിടം നേടിക്കൊടുത്തത്. 2012 ആഗസ്റ്റ് ഏഴ് മുതല്‍ 2013 ആഗസ്റ്റ് 25 വരെയുള്ള കാലയളവിലെ പ്രകടനമനുസരിച്ചാണ് ടീം തിരഞ്ഞെടുപ്പ്.
കഴിഞ്ഞ വര്‍ഷം രണ്ട് സെഞ്ച്വറിയുള്‍പ്പടെ 40.52 ശരാശരിയില്‍ 689 റണ്‍സടിച്ച വിരാട് കോഹ്‌ലി ഏകദിന ടീമിലുള്‍പ്പെടാതെ പോയത് നിര്‍ഭാഗ്യകരമാണെന്ന് ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് കോഹ്‌ലി.ഐ സി സി ടെസ്റ്റ് ടീം ഓഫ് ദ ഇയറില്‍ ധോണിക്കൊപ്പം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയും ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇടം പിടിച്ചിട്ടുണ്ട്. തുടരെ ആറാം വര്‍ഷവും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയില്‍ സ്റ്റെയിന്‍ ഐ സി സി ടെസ്റ്റ് ടീമിലിടം നേടി.
ഐ സി സി ടെസ്റ്റ് ടീം (ബാറ്റിംഗ് ഓര്‍ഡറില്‍): അലിസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), ചേതേശ്വര്‍ പുജാര (ഇന്ത്യ), ഹാഷിം അംല (ദ.ആഫ്രിക്ക), മൈക്കല്‍ ക്ലാര്‍ക്ക് (ആസ്‌ത്രേലിയ), മൈക്കല്‍ ഹസി (ആസ്‌ത്രേലിയ), എ ബി ഡിവില്ലേഴ്‌സ് (ദ.ആഫ്രിക്ക), എം എസ് ധോണി (ഇന്ത്യ, വിക്കറ്റ് കീപ്പര്‍), ഗ്രെയിം സ്വാന്‍ (ഇംഗ്ലണ്ട്), ഡെയില്‍ സ്റ്റെയിന്‍ (ദ.ആഫ്രിക്ക), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്), വെനോന്‍ ഫിലാന്‍ഡര്‍ (ദ.ആഫ്രിക്ക), പന്ത്രണ്ടാമന്‍-രവിചന്ദ്രന്‍ അശ്വിന്‍ (ഇന്ത്യ).
ഐ സി സി ഏകദിന ടീം (ബാറ്റിംഗ് ഓര്‍ഡര്‍): തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക), ശിഖര്‍ ധവാന്‍ (ഇന്ത്യ), ഹാഷിം അംല (ദ.ആഫ്രിക്ക), കുമാര സങ്കക്കാര (ശ്രീലങ്ക), എ ബി ഡിവില്ലേഴ്‌സ് (ദ.ആഫ്രിക്ക), എം എസ് ധോണി (ഇന്ത്യ, ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (ഇന്ത്യ), സഈദ് അജ്മല്‍ (പാക്കിസ്ഥാന്‍), മിച്ചല്‍ സ്റ്റാര്‍ച് (ആസ്‌ത്രേലിയ), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്), ലസിത് മലിംഗ (ശ്രീലങ്ക), പന്ത്രണ്ടാമന്‍- മിചല്‍ മക്‌ക്ലെനാന്‍ (ന്യൂസിലാന്‍ഡ്).

Latest