കടപ്പുറം കെട്ടുങ്ങലിലെ വിവാദ ഭൂമിയില്‍ അങ്കണ്‍വാടി പ്രവര്‍ത്തനം തുടങ്ങി

Posted on: December 4, 2013 7:37 am | Last updated: December 4, 2013 at 7:37 am

ചാവക്കാട്: ഭൂരഹിത പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുളള ഭൂമിയില്‍ കടപ്പുറം കെട്ടുങ്ങല്‍ അങ്കണ്‍വാടി പ്രവര്‍ത്തനം തുടങ്ങി. കടപ്പുറം കെട്ടുങ്ങല്‍ ഏഴാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടന ചടങ്ങിനെതിരെ പ്രദേശത്തെ ക്ലബ് അംഗങ്ങള്‍ രംഗത്ത് വന്നു.
അങ്കണവാടിയിലേക്ക് തോട് കടന്ന് എത്താനുളള സ്ഥലത്ത് സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പോസ്റ്റ് വെളളത്തിലേക്ക് തള്ളിയിട്ടു. സംഘാര്‍ഷവസ്ഥയെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. പിന്നീട് അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു. പ്രതിഷേധവുമായി ക്ലബ് പ്രവര്‍ത്തകരെത്തി. തോടിനുകുറുകെ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പോസ്റ്റ് ഇവര്‍തട്ടിയിട്ടു. പാലം നിര്‍മിച്ചതിനുശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു ഇവരുടെ നിലപാട്. എസ് ഐ. എം കെ ശാജിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. കോണ്‍ക്രീറ്റ് പോസ്റ്റ് പിന്നീട് ഇവര്‍ തന്നെ സ്ഥാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് റംല അശ്‌റഫ് പറഞ്ഞു. വെളളം നിറഞ്ഞ തോടിനു കുറുകെയുളള ഒറ്റയടി പോസ്റ്റിലൂടെ സര്‍ക്കസുകാരന്റെ വൈദഗ്ധ്യത്തോടെയാണ് പിഞ്ചുകുട്ടികളും രക്ഷിതാക്കളും നടന്നുപോകുന്നത്.
പട്ടികജാതിക്കാരനായ പഴു കുട്ടന്‍ മകന്‍ വേലായുധന് സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് ഭൂമിയിലാണ് അങ്കണവാടി പണിതിട്ടുളളത്. അങ്കണവാടിയില്‍ വെളളമോ, വെളിച്ചമോ സജ്ജീകരിച്ചിട്ടില്ല.
ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമം മറികടന്നാണ് പഞ്ചായത്ത് തന്നെ അങ്കണവാടി നിര്‍മിച്ചിട്ടുളളത്. 2006ല്‍ വെല്‍ഫയര്‍ കമ്മിറ്റി ഉണ്ടാക്കിയാണ് അങ്കണവാടി നിര്‍മാണം ആരംഭിച്ചത്. കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍മാണ കമ്മിറ്റി ഭാരവാഹിക്കെതിരെ ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്.
കടപ്പുറം കെട്ടുങ്ങല്‍ അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റംല അശ്‌റഫ് നിര്‍വഹിച്ചു. ആര്‍ എസ് മുഹമ്മദ്‌മോന്‍ അധ്യക്ഷത വഹിച്ചു. കെ കെ കുമാരി, കെ എ മണി, ആര്‍ കെ ഇസ്മാഈല്‍, രാധ, വത്സല, ശംസാദ്, ശ്രീദേവി സംസാരിച്ചു.