Connect with us

Wayanad

സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിച്ചില്ല; വിദ്യാര്‍ഥികളും രക്ഷിതാക്കളും താലൂക്ക് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: എല്ലമല പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂള്‍ കെട്ടിടം ആധുനിക സൗകര്യത്തോടെ പുനര്‍നിര്‍മിക്കണമെന്ന ചെന്നൈ ഹൈക്കോടതി വിധി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് പി ടി എ കമ്മിറ്റി, സ്‌കൂള്‍ വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. പ്രകടനമായാണ് സമരക്കാര്‍ താലൂക്ക് ഓഫീസ് ഉപരോധിക്കാനെത്തിയത്. സമരത്തില്‍ സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കാത്ത സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ ഇന്നലെ ക്ലാസ് ബഹിഷ്‌കരിച്ചു. അതേസമയം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ഒഴുകിയെത്തിയതിനാല്‍ താലൂക്ക് ഓഫീസ് പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സമരക്കാര്‍ മണിക്കൂറുകളോളം കോര്‍ട്ട് റോഡ് ഉപരോധിച്ചു. താലൂക്ക് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ഏറെനേരം തടസ്സപ്പെടുത്തി. അതേസമയം ശക്തമായ വെയിലിനെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ തലചുറ്റി വീണതിനെത്തുടര്‍ന്ന് 108 ആംബുലന്‍സ് സ്ഥലത്തെത്തി അവരെ ഗൂഡല്ലൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. സമരസമിതി കണ്‍വീനര്‍ പി ഹനീഫ അധ്യക്ഷതവഹിച്ചു. പി ടി എ പ്രസിഡന്റ് കെ അഷ്‌റഫ്, മൂര്‍ത്തി, പാണ്ഡ്യരാജ്, ഖാലിദ്, കെ ഹംസ, വി ടി രവീന്ദ്രന്‍, സയ്യിദ് സജാത്ത്, സഹദേവന്‍, എം എ സലാം, ബഷീര്‍ മുസ് ലിയാര്‍, കോയ, റഷീദ്, നടരാജ്, ളിറാര്‍, ഇബ്‌നു എന്നിവര്‍ പ്രസംഗിച്ചു. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ആര്‍ ഡി ഒ ജഗജോതി, തഹസില്‍ദാര്‍ രാജേന്ദ്രന്‍, എ ഇ ഒ ശ്രീഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി ഉച്ചയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. കെട്ടിടം നിലനില്‍ക്കുന്ന 23 സെന്റ് സ്ഥലം റവന്യുവകുപ്പ് ഏറ്റെടുത്ത് പഞ്ചായത്ത് യൂണിയന് കൈമാറി അതിന് ശേഷം എസ് എസ് എ ഫണ്ട് ഉപയോഗിച്ച് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുമെന്ന് സംഘം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. 2005ലാണ് മഹാവീര്‍ പ്ലാന്റേഷന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രസ്തുത സ്‌കൂള്‍ കെട്ടിടം സര്‍ക്കാരിന് കൈമാറിയത്. കാലപഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടം തകര്‍ച്ചാഭീഷണിയിലായതിനാല്‍ 2011ല്‍ സ്‌കൂള്‍ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് അധികൃതരും റവന്യുവകുപ്പ് അധികൃതരും സ്ഥലത്തെത്തി സീല്‍വെച്ചിരുന്നു. താത്ക്കാലികമായി സ്‌കൂള്‍ എല്ലമലയിലെ കമ്മ്യുണിറ്റി ഹാളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനകം സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കുമെന്നും അന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. കമ്മ്യുണിറ്റി ഹാളില്‍ വളരെ ഞെരുങ്ങിയിരുന്നാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠനം നടത്തുന്നത്. കൂടാതെ സമീപത്ത് അപകടാവസ്ഥയിലായ ട്രാന്‍സ്‌ഫോര്‍മറും തോടും സ്ഥിതിചെയ്യുന്നുണ്ട്. ഇത് വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ വികസന സമിതി ചെന്നൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. 12-07-13ന് പ്രൈമറി സ്‌കൂള്‍ കെട്ടിടം എല്ലാ സൗകര്യങ്ങളോടും കൂടി പുനര്‍നിര്‍മിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ കെട്ടിടം പുനര്‍നിര്‍മിക്കാന്‍ തയ്യാറായിട്ടില്ല.