Connect with us

Palakkad

വികലാംഗ ക്ഷേമ നയം ആറ് മാസത്തിനകം: മന്ത്രി

Published

|

Last Updated

പാലക്കാട്: ഭിന്നശേഷിയുള്ളവര്‍ക്കായി പുതിയ വികലാംഗക്ഷേമ നയത്തിന് ആറ് മാസത്തിനകം കരട് ഉണ്ടാക്കുമെന്ന് പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍. ഇത് സംബന്ധിച്ചുള്ള നയം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക വികലാംഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അനര്‍ഹര്‍ വിഭിന്നശേഷിയുളളവരുടെ സംവരണാനുകൂല്യം ഉപയോഗിച്ച് ജോലിയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഡിസബിലിറ്റി സര്‍വേ നടത്തി ഡാറ്റ ബേങ്ക് ഒരു വര്‍ഷത്തിനുളളില്‍ രൂപവത്കരിക്കും. അംഗപരിമിതര്‍ക്കായി തയാറാക്കുന്ന സഹായ ഉപകരണങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കും. അതിന് നിര്‍മ്മാതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും യോഗം വിളിക്കും.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ച് വയസിന് താഴെയുള്ള ബധിരരായ 300 കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തി. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ 1,000 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനും ശ്രുതിതരംഗം പദ്ധതിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
തൃശൂരിലെ ത്രേസ്യാമ്മ മെമ്മോറിയല്‍ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്ത് റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററായി ഉയര്‍ത്തി ആംഗ്യഭാഷ, സ്പീച്ച് തെറാപ്പി, ശ്രവണ സഹായം എന്നിവയില്‍ ഗവേഷണം നടത്തും. മുതിര്‍ന്നവര്‍ക്കും ശ്രവണശേഷി വീണ്ടെടുക്കാനുളള പരീക്ഷണങ്ങള്‍ ആരംഭിക്കും. 179 ദിവസം എംപ്ലോയ്‌മെന്റ് മുഖേന ജോലി ചെയ്തിട്ടുളള വിഭിന്നശേഷിയുളളവരില്‍ 2,727 പേരെ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1,144 പേര്‍ക്ക് ജോലി നല്‍കിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ പൈലറ്റ് പ്രൊജക്ട് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
അര്‍ഹരായ അംഗപരിമിതര്‍ക്ക് പ്രത്യേക ലോണുകളും പരിഷ്‌ക്കരിച്ച സഹായ ഉപകരണങ്ങളും അനുവദിക്കുന്നതിന് 2.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മികവ് തെളിയിക്കുന്ന വിഭിന്നശേഷിയുളള ജീവനക്കാര്‍ക്ക് നല്‍കുന്ന സമ്മാനതുക 10,000 രൂപയില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷവും ആക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും വിഭിന്നശേഷിയുളളവരോട് എങ്ങനെ പെരുമാറണമെന്നതിന് ഡിസെബിലിറ്റി ഗൈഡ് ലൈന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍ എ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിയുള്ളവര്‍ക്കായി പുതിയ

Latest