കലാഭവന്‍ മണി വ്യാഴാഴ്ച ഹാജരാകും

Posted on: December 4, 2013 6:12 am | Last updated: December 5, 2013 at 7:30 am

kalabhavan maniനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്കിടെ ബ്രേസ്‌ലെറ്റ് വലിച്ചെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് സിനിമാതാരം കലാഭവന്‍ മണി വ്യാഴാഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകും. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റംസ് ഓഫീസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഓഫീസില്‍ നിന്ന് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന്് വ്യാഴാഴ്ച കസ്റ്റംസ് മുമ്പാകെ ഹാജരാകുമെന്നാണ്് മണി അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30ന് കുവൈത്തില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായി വന്ന കലാഭവന്‍ മണി കസ്റ്റംസ് പരിശോധനക്കിടെ വള വലിച്ചെറിഞ്ഞതാണ് പ്രശ്‌നമായത്. മണി മദ്യലഹരിയിലായിരുന്നതാണ് ഇത്തരമൊരു പ്രകോപനത്തിന് കാരണമെന്ന് പറയപ്പെടുന്നു. പിടികൂടിയ സ്വര്‍ണവള അഞ്ച് പവന്‍ മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് മണി പറഞ്ഞെങ്കിലും 22 കാരറ്റ് നിലവാരമുള്ള 181 ഗ്രാം സ്വര്‍ണമാണ് കൊണ്ടുവന്നതെന്ന് പരിശോധനയില്‍ കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. സ്വര്‍ണത്തിന് അഞ്ച് ലക്ഷത്തിപതിമൂവായിരം രൂപയോളം വില വരും. ഇതിന് 70,000 രൂപ ഡ്യൂട്ടി ഇനത്തില്‍ അടക്കേണ്ടി വരും. ഈ തുക അടച്ച് കേസില്‍നിന്ന് രക്ഷപ്പെടാനാണ് മണി ശ്രമിക്കുന്നത്.