Connect with us

Kozhikode

ആഭ്യന്തരവകുപ്പില്‍ ആശയക്കുഴപ്പം: നടപടിയായില്ല; ഫോണും കണ്ടെത്തിയില്ല

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ചട്ടങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയെങ്കിലും നടപടിയൊന്നുമായില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് തന്നെ ആശയക്കുഴപ്പം തുടരുകയാണ്. അന്വേഷണത്തിനായി സംഘത്തെ നിയമിച്ചതല്ലാതെ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല.

രണ്ട് തവണയായി പോലീസും ജയില്‍ അധികൃതരും നടത്തിയ റെയ്ഡില്‍ പ്രതികളില്‍ നിന്ന് ഫോണുകള്‍ കണ്ടെത്താനുമായില്ല. മൂന്ന് മാസമായി ജയിലില്‍ പ്രതികള്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും ഇത് കണ്ടെത്താനായില്ല എന്നതാണ് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നത്. പ്രതികളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് വിഷയത്തില്‍ കൃത്യത വരുത്താനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
ഇതിനായി ഐ ടി വകുപ്പിന് ഇന്നലെ തന്നെ കത്ത് നല്‍കി. ചിത്രങ്ങള്‍ എന്ന് പോസ്റ്റ് ചെയ്തതാണെന്നും അക്കൗണ്ട് പുറത്തുനിന്ന് ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുകയാണോ എന്നതും പരിശോധിക്കും. വകുപ്പിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി ഫോണ്‍ വിവാദത്തെ ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ വിശ്വസിക്കുന്നത്. ഫെയ്‌സ് ബുക്കിലെ ചിത്രങ്ങള്‍ക്ക് കൃത്യത ഇല്ലെന്നാണ് ആദ്യം ജയില്‍ ഡി ജി പി പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞില്ലെന്നാണ് ഇന്നലെ ഡി ജി പി പറഞ്ഞത്. ഇതു സംബന്ധിച്ച് ജയില്‍ വകുപ്പിനകത്തെ ആശയക്കുഴപ്പമാണ് ഇത് വ്യക്തമാക്കുന്നത്. പ്രതികളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് ജയിലില്‍ നിന്നെല്ലന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. പുറത്തുവന്ന ചിത്രങ്ങള്‍ ജയിലില്‍ നിന്ന് പ്രതികള്‍ പകര്‍ത്തിയതാണോ എന്ന് പോലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ടി പി വധക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങളുയര്‍ന്നിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ജയിലില്‍ സന്ദര്‍ശനം നടത്തിയതും ടി പി വധക്കേസിലെ പ്രതി മോഹനന്‍ മാസ്റ്റര്‍ക്ക് ഭാര്യ കെ കെ ലതികയോടൊപ്പം ഹോട്ടലില്‍ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതും വിവാദമായിരുന്നു. മോഹനന്‍ മാസ്റ്ററെ അനുഗമിച്ച എ ആര്‍ ക്യാമ്പിലെ രണ്ട് പോലീസുകര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതൊഴിച്ചാല്‍ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ അഴിഞ്ഞാട്ടം നടത്തിയെന്ന് മന്ത്രി തുറന്നു പറയുമ്പോഴും വീഴ്ച സമ്മതിക്കാന്‍ മന്ത്രി തയ്യാറല്ല. ഇത് തന്നെയാണ് പാര്‍ട്ടിക്കകത്ത് നിന്ന് പ്രകോപനമുണ്ടാകാന്‍ കാരണം. ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് ഐ ഗ്രൂപ്പ് ആവര്‍ത്തിക്കുന്നതിനിടയിലാണ് പുതിയ സംഭവങ്ങളുണ്ടാകുന്നത്. വിവാദങ്ങള്‍ തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിലാണ് ഇന്നലെ തന്നെ മന്ത്രി ജയില്‍ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തത്.
എന്നാല്‍ സന്ദര്‍ശനത്തിന് ഉടനടി ഫലമൊന്നുമുണ്ടായില്ല. മൂന്ന് മാസമായി ഫോണ്‍ ഉപയോഗിക്കുന്ന പ്രതികളില്‍ നിന്ന് ഫോണ്‍ കണ്ടെത്താനായില്ല എന്നതും ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല എന്നതുമാണ് മന്ത്രിക്കെതിരെ പുതിയ വിമര്‍ശമായി ഉയരുന്നത്. രണ്ട് തവണയായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ പോലുമായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുപുറമെ ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്, ഇന്റലിജന്‍സ് എ ഡി ജി പി സെന്‍കുമാര്‍, ഉത്തരമേഖലാ എ ഡി ജി പി ശങ്കര്‍ റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചട്ടലംഘനം ബോധ്യമായിട്ടും ഉടനടി നടപടികളുണ്ടാകാത്തത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കാം.

 

Latest