മഹല്ലുകളുടെ ധാര്‍മികതയില്‍ പണ്ഡിതര്‍ സുസജ്ജരാകണം: ജില്ലാ പണ്ഡിതസംഗമം

Posted on: December 4, 2013 12:47 am | Last updated: December 3, 2013 at 10:47 pm

കാസര്‍കോട്: അധികരിച്ചുവരുന്ന അധാര്‍മികതയും അരാചകത്വവും മഹല്ലുകളില്‍ നിന്നും ഉന്‍മൂലനം ചെയ്യാന്‍ പണ്ഡിതര്‍ സുസജ്ജരാകണമെന്ന് മജ്‌ലിസ് ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ സംഗമം ആവശ്യപ്പെട്ടു.
സമൂഹത്തിനിടയില്‍ നടമാടുന്ന കല്യാണാഘോഷങ്ങളിലെയും മറ്റു പരിപാടികളിലെയും അനിസ്‌ലാമികതയും യുവസമൂഹത്തിന്റെ അതിരു കവിഞ്ഞ അസാന്മാര്‍ഗികതയും കണ്ടറിഞ്ഞ് ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് സമുഹത്തിലിറങ്ങി ഉത്‌ബോധനം നടത്തുന്നതോടൊപ്പം സംസ്‌കാരശൂന്യമായിക്കൊണ്ടിരിക്കുന്ന ജനഹൃദയങ്ങളിലേക്ക് ഇസ്‌ലാമിന്റെ തനിമയും ധാര്‍മികതയും പകര്‍ന്നുകൊടുക്കാനും പണ്ഡിതര്‍ രംഗത്തിറങ്ങണമെന്നും സംഗമം ഉത്‌ബോധിപ്പിച്ചു.
ജില്ലാ സുന്നി സെന്ററില്‍ മജ്‌ലിസ് ഉലമാഇസ്സഅദിയ്യീന്‍ സംഘടിപ്പിച്ച പി എ ഉസ്താദ് അനുസ്മരണവും ജില്ലാ സഅദീസംഗമവും മുഹമ്മദ് റഫീഖ് സഅദിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. സ്വാലിഹ് സഅദി തളിപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇബ്‌റാഹിം സഅദി മുഗു, കരീം സഅദി ഏണിയാടി, ശാഫി സഅദി മുഗു, അബ്ദുല്‍ അസീസ് സഅദി പ്രസംഗിച്ചു. അശ്‌റഫ് സഅദി ആരിക്കാടി സ്വാഗതവും മുനീര്‍ സഅദി നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.