Connect with us

Gulf

ഭക്ഷ്യ സുരക്ഷ; ആഗോള ഗ്രാമത്തില്‍ കര്‍ശന പരിശോധന

Published

|

Last Updated

ദുബൈ: ആഗോള ഗ്രമത്തിലെ ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നിന് 24 മണിക്കൂറും പരിശോധന നടത്തുമെന്ന് നഗരസഭാ ഭക്ഷ്യപരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ താഹിര്‍ അറിയിച്ചു.
ആഗോള ഗ്രാമത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങള്‍ സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ ഇവര്‍ ആഗോള ഗ്രാമത്തില്‍ ഉണ്ടാകും. രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തുക. പഴകിയതോ ഗുണമേന്മയില്ലാത്തതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ഒരു സംഘം പരിശോധകര്‍, ഭക്ഷണം എത്തിക്കുന്ന വാഹനങ്ങളില്‍ ശ്രദ്ധ ചെലുത്തും. മറ്റൊരു സംഘം ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന നടത്തും.
ഭക്ഷണം വിതരണം ചെയ്യാന്‍ മതിയായ രേഖകളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ആഗോളഗ്രാമത്തിലേക്ക് പ്രവേശനമുള്ളൂ. ഇവര്‍ അനുമതിപത്രങ്ങള്‍ സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോള്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ഭക്ഷണത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് പരാതിയുണ്ടെങ്കില്‍ തത്സമയം 800900 ല്‍ രേഖപ്പെടുത്താം. പരിശോധക സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. പുറത്ത് നിന്ന് പാചകം ചെയ്ത്, ആഗോളഗ്രാമത്തിലേക്ക് ഭക്ഷണം എത്തിക്കരുതെന്നാണ് ചട്ടം. ആഗോളഗ്രാമത്തില്‍ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമുണ്ടെന്നും സുല്‍ത്താന്‍ താഹിര്‍ വ്യക്തമാക്കി.