ഗള്‍ഫ് ടുഡേ എഡിറ്റര്‍ പി വിവേകാനന്ദ് നിര്യാതനായി

Posted on: December 3, 2013 3:43 pm | Last updated: December 3, 2013 at 11:25 pm

died---vivekananthദുബൈ: മധ്യപൗരസ്ത്യദേശത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യുഎഇയിലെ ഇന്ത്യാക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ, ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ സ്ഥാപക പ്രസിഡണ്ടുമായ പി വി വിവേകാനന്ദ് അന്തരിച്ചു. 61 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശൂപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.

പാലക്കാട് ഒറ്റപ്പാലം പുതുക്കുടി വീട്ടില്‍ വിവേകാനന്ദ് എന്ന, പി വി വിവേകാനന്ദ് യു എ ഇ യിലെ ഷാര്‍ജ കേന്ദ്രമായ ഗള്‍ഫ് ടുഡെ എന്ന ഇംഗ്ലീഷ് ദിനപത്രത്തില്‍ എഡിറ്റോറിയില്‍ അഡൈ്വസറായിരുന്നു. നേരത്തെ, ഗള്‍ഫ് ടുഡെയില്‍ ഏഴ് വര്‍ഷത്തോളം എഡിറ്റര്‍ ഇന്‍ ചാര്‍ജായും സേവനം അനുഷ്ടിച്ചു. 1980 മുതല്‍ ജോര്‍ദാന്‍ കേന്ദ്രമായ ജോര്‍ദാന്‍ ടൈംസില്‍ സീനിയര്‍ എഡിറ്ററായി 17 വര്‍ഷം ജോലി ചെയ്തു. പിന്നീട്, ബഹ്‌റൈന്‍ ട്രിബ്യൂണില്‍ അസിസറ്റന്റ് എഡിറ്ററായി ഒന്നര വര്‍ഷത്തോളം ജോലി ചെയ്താണ് ഷാര്‍ജയിലെ ഗള്‍ഫ് ടുഡെയില്‍ എത്തുന്നത്. കൂടാതെ, ഇഗ്ലീഷ്, മലയാളം ഉള്‍പ്പടെയുള്ള പത്രങ്ങളിലും മാസികകളിലും പ്രത്യേക കോളങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിരുന്നു.

പത്ത് വര്‍ഷം മുമ്പ്, യു എ ഇയിലെ ഇന്ത്യാക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യന്‍ മീഡിയാ ഫോറം (ഐ എം എഫ്) സ്ഥാപക പ്രസിഡന്റായി. ഇപ്പോള്‍, പത്താം വര്‍ഷത്തെ കമ്മിറ്റിയില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. അറബ് രാജകുടുംബങ്ങളുമായുള്ള അദേഹത്തിന്റെ ബന്ധങ്ങളും ലേഖനങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രവര്‍ത്തന മേഖലയിലെ മികവിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചിത്രയാണ് ഭാര്യ. ദുബൈയിലെ സൗദി എയര്‍ലൈന്‍സില്‍ ഉദ്യോസ്ഥനായ അനൂപ് മകനാണ്. മകള്‍ വിസ്മയ.

ALSO READ  കുവൈത്ത് അമീര്‍ അന്തരിച്ചു