മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും

Posted on: December 3, 2013 5:34 am | Last updated: December 3, 2013 at 12:34 am

ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമ ഘട്ടം. അറബിക്കടലില്‍ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ഘട്ടം. ഈ മലനിരകള്‍ വിവിധ സസ്യജന്തുവൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്.
കേരള അതിര്‍ത്തിയില്‍ മാത്രം 44 നദികള്‍ ഈ ജലകൊടുമുടിയില്‍ നിന്ന് ഉത്ഭവിക്കുന്നു. കൂടാതെ ഇന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപ നില, ആര്‍ദ്രത, വര്‍ഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പശ്ചിമ ഘട്ടമാണ്. പലതരം ധാതുപദാര്‍ഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഈ മലനിരകള്‍ അതിര്‍ത്തിയായി വരുന്ന ആറ് സംസ്ഥാനങ്ങള്‍ക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് പശ്ചിമ ഘട്ടം.
സഹ്യന്റെ ഈ പരിസ്ഥിതിത്തകര്‍ച്ച ഇന്ന് കേരളത്തിലെ ജനജീവിതത്തില്‍ ദുരന്തങ്ങളായി പെയ്തുതുടങ്ങിയിരിക്കുന്നു. വര്‍ഷത്തില്‍ 3000 മില്ലീമീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വര്‍ഷങ്ങളിലും വരള്‍ച്ചാ ബാധിത സംസ്ഥാനമായി മാറുന്നു! നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുര്‍ബലപ്പെട്ടിരിക്കുന്നു. ഭൂമി, ഭൂവിഭവങ്ങള്‍, വനം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കാന്‍ ഒട്ടേറെ നിയമങ്ങള്‍ നാട്ടില്‍ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറി കടന്നുകൊണ്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന സാഹചര്യവും കൂടിക്കൊണ്ടിരിക്കയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമ ഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തിയത്. പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
1. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ പശ്ചിമ ഘട്ടത്തില്‍ ഉപയോഗിക്കരുത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കണം. രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍ നിന്ന് ജൈവ കൃഷിയിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാങ്കേതികമായും സാമ്പത്തികമായും സഹായം നല്‍കണം.
2. കടകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ടൂറിസ്റ്റ് മേഖലയില്‍ നിന്നുമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷം കൊണ്ട് ഇല്ലാതാക്കുക.
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലയോ ഹില്‍ സ്‌റ്റേഷനോ ഈ മേഖലയില്‍ പാടില്ല.
4. പൊതുസ്ഥലം സ്വകാര്യ സ്ഥലമായി മാറ്റാന്‍ പാടില്ല. വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ല.
5. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണം. പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങള്‍ നിര്‍മിക്കണം. പ്രകൃതി വിഭവങ്ങള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ പുതിയ ബില്‍ഡിംഗ് കോഡുണ്ടാകണം. പുതിയ നിര്‍മാണ രീതികള്‍ വേണം. മഴവെള്ള സംഭരണത്തിനും പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കാനുമുളള സംവിധാനങ്ങള്‍ വേണം.
6. അപകടകാരികളായ വിഷാംശങ്ങള്‍ അടങ്ങിയ മാലിന്യ നിര്‍മാര്‍ജന യൂനിറ്റുകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. മലിനീകരണമുള്ള പുതിയ വ്യവസായങ്ങള്‍ അനുവദിക്കരുത്.
7. ജൈവ വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള ചെറിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. അനധികൃത ഖനനം നിറുത്തണം.
8. പുതിയ വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വേണം. ജനപങ്കാളിത്തത്തോടെ നദികളുടെ ഒഴുക്കും ഗുണനിലവാരവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണം.
9. ഗ്രാമീണ ജനതയെ പങ്കെടുപ്പിച്ചുകൊണ്ട് കാലിപ്പുല്‍ കൃഷി വ്യാപിപ്പിക്കുക. മിനിമം രണ്ട് പശുക്കള്‍ ഉള്ളവര്‍ക്ക് ബയോഗ്യാസ് പഌന്റുകള്‍ നല്‍കണം.
10. 30- 50 വര്‍ഷം കഴിഞ്ഞ അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യണം.
ഗാഡ്ഗില്‍ സമിതിയുടെ ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സര്‍ക്കാറുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഈ ആശങ്കകള്‍ പരിഗണിച്ചും ഗാഡ്ഗില്‍ സമിതി ശിപാര്‍ശകള്‍ വിലയിരുത്തിയും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന നിര്‍ദേശത്തോടെ ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍ വിശദമായ വിലയിരുത്തലിനു ശേഷം ഗാഡ്ഗില്‍ സമിതി ശിപാര്‍ശകളെ തത്വത്തില്‍ അംഗീകരിക്കാന്‍ റിപ്പോര്‍ട്ട് കസ്തൂരി രംഗന്‍ സമിതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് 2013 ഏപ്രില്‍ 15ന് സമര്‍പ്പിച്ചു. കമ്മിറ്റിയോടാവശ്യപ്പെട്ട കാര്യങ്ങള്‍:
1. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സമഗ്രമായി പരിശോധിക്കുക.
2. ജൈവവൈവിധ്യവും പരിസ്ഥിതിയും പശ്ചിമ ഘട്ട പ്രദേശത്തിന്റെ സാംസ്‌കാരിക സാമൂഹിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുക.
3. ആദിവാസി വനവാസി താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക.
4. പശ്ചിമ ഘട്ടത്തിന് കൈവന്ന ആഗോള പൈതൃകപദവി അതിന്റെ വികസനത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കും എന്ന് വില യിരുത്തുക.
5. പശ്ചിമ ഘട്ട വികസനത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുക.
6. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുക. തുടര്‍ നടപടികള്‍ നിര്‍ദേശിക്കുക.
മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണത്തെ കുറിച്ച് ഏതാനും പേരുടെ വാക്ക് കേട്ട് നിഗമനത്തിലെത്തുകയാണ് കസ്തൂരിരംഗന്‍ സമിതി. പശ്ചിമ ഘട്ടത്തെ സോണ്‍ അടിസ്ഥാനത്തില്‍ വേര്‍ തിരിക്കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്. അതേസമയം സുപ്രധാനമായ ചില മേഖലകളില്‍ കാതലായ മാറ്റങ്ങളും നിര്‍ദേശിച്ചു. പശ്ചിമ ഘട്ട മലനിരകളുടെ നാലില്‍ മൂന്ന് ഭാഗവും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗില്‍ സമിതി ശിപാര്‍ശകളില്‍ വിയോജിപ്പ് രേഖപ്പെടുത്തി, പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരംഗന്‍ സമിതി വിലയിരുത്തി. ഗാഡ്ഗില്‍ സമിതി ശിപാര്‍ശ ചെയ്ത മൂന്ന് തരം പരിസ്ഥിതി സംവേദക മേഖലകള്‍ക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് നിര്‍ദേശം. കസ്തൂരിരംഗന്‍ സമിതി പശ്ചിമ ഘട്ടത്തെ പൊതുവില്‍ രണ്ടായി തിരിക്കുകയായിരുന്നു സ്വാഭാവിക പ്രകൃതി മേഖല , സാംസ്‌കാരിക പ്രകൃതി മേഖല എന്നിങ്ങനെ. ഇതില്‍ സ്വാഭാവിക പ്രകൃതിമേഖലയെ മാത്രമാണ് കസ്തൂരിരംഗന്‍ പരിസ്ഥിതി ദുര്‍ബലമേഖലയായി കണക്കാക്കിയത്. വനമേഖലയുടെ ഛിന്നഭിന്നത, ജൈവസമ്പന്നത എന്നിവയെ ആധാരമാക്കിയാണ് കസ്തൂരിരംഗന്‍ പരിസ്ഥിതിലോല മേഖലകള്‍ നിര്‍ണയിച്ചത്. പെരിയാര്‍ കടുവാസങ്കേതം പോലുള്ള സംരക്ഷിത പ്രദേശവും പൈതൃകപ്രദേശങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തൃതി തിട്ടപ്പെടുത്തിയത്. കേരളത്തിലെ റിസര്‍വ്, നിക്ഷിപ്ത വന മേഖലകള്‍ പോലും പൂര്‍ണമായി സംരക്ഷിക്കാന്‍ സമിതി ശിപാര്‍ശ ചെയ്യുന്നില്ല. പരിസ്ഥിതിപ്രധാന മേഖലയിലെ ഖനനവും മണലൂറ്റും പാറ പൊട്ടിക്കലും നിരോധിക്കണം. നിലവിലുള്ളവ അഞ്ച് കൊല്ലം കൊണ്ട് ഘട്ടം ഘട്ടമായി നിര്‍ത്തണം, മലിനീകരണമുണ്ടാക്കുന്ന പട്ടികയില്‍ പെട്ട വ്യവസായങ്ങള്‍ പാടില്ല, പരിസ്ഥിതിദുര്‍ബല മേഖലയില്‍ നിന്നും വനേതര ഉപയോഗ ത്തിനായി ഭൂമി മാറ്റുമ്പോള്‍ സുതാര്യത പുലര്‍ത്തണം തുടങ്ങിയവ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളാണ്. ഉയര്‍ന്ന വന മേഖല ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒരു വില്ലേജ് പോലും പരിസ്ഥിതിസംവേദക മേഖലയായി പട്ടികയിലില്ലെന്നത് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശത്തിനു വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല പൂര്‍ണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളുടെ പട്ടികയിലില്ല. മൂന്ന് വില്ലേജുകള്‍ മാത്രമാണ് പട്ടികയിലുള്ളത്. ഈ മേഖലയിലെ 50 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള അണക്കെട്ടുകള്‍ പ്രവര്‍ത്തനമവസാനിപ്പിക്കണമെന്ന നിര്‍ദേശത്തോടും കസ്തൂരിരംഗന്‍ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. കേരളത്തില്‍ 123 പരിസ്ഥിതിദുര്‍ബല വില്ലേജുകളുണ്ടെന്നും കസ്തൂരി രംഗന്‍ സമിതി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതലും ഇടുക്കി ജില്ലയിലാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ഏതാണ് നടപ്പാക്കുന്നതെന്ന് അറിയിക്കാന്‍ കേന്ദ്രം വൈകിയതിനെ തുടര്‍ന്നാണ് അന്തിമ തീരുമാനമാകുന്നതുവരെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് 2012 ജൂലൈയില്‍ ഹരിത െ്രെടബ്യൂണല്‍ ഇടക്കാല ഉത്തരവ് നല്‍കിയത്.
ഏകവിള കൃഷി പാടില്ലെന്ന ശിപാര്‍ശ നടപ്പാക്കുന്നത് കാപ്പി, കുരുമുളക് കൃഷിയെ ദോഷകരമായി ബാധിക്കും, പാരിസ്ഥിതിക ആഘാത പഠനം നടത്തിയശേഷമായിരിക്കണം റോഡ് നിര്‍മാണമെന്ന നിര്‍ദേശം കേരളത്തിലെ അടിസ്ഥാനസൗകര്യവികസനങ്ങള്‍ അസാധ്യമാക്കും തുടങ്ങിയ ജനങ്ങളുടെ ആശങ്കകള്‍ ആരാണ് പരിഹരിക്കുക ? അതുകൊണ്ട് തന്നെ കര്‍ഷകരുടെയും കുടിയേറ്റക്കാരുടെയും ആശങ്കകളെ അപ്പാടെ അവഗണിക്കാന്‍ കഴിയുമോ? ചര്‍ച്ചകള്‍ നടക്കേണ്ടത് താഴെ തലത്തില്‍ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും കര്‍ഷക കൂട്ടായ്മകളിലും പാട ശേഖരസമിതികളിലുമൊക്കെയാണ്. നമുക്ക് കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് വേണ്ടതുണ്ട്. കേരളത്തില്‍ പശ്ചിമ ഘട്ട പ്രദേശം മാത്രം സാമൂഹിക നിയന്ത്രണത്തിലായാല്‍ പോരാ. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളും കുന്നും പുഴയും പാടവും നഗരവും അവിടങ്ങളിലെ മനുഷ്യ ഇടപെടലുകളുമെല്ലാം സാമൂഹികമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഗ്രാമസഭ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇണക്കിച്ചേര്‍ക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നതെങ്കിലും ഇതിനാവശ്യമായ നീക്കങ്ങള്‍ സര്‍ക്കാരില്‍ നിന്നോ ഉത്തരവാദപ്പെട്ടവരില്‍ നിന്നോ ഉണ്ടാകുന്നില്ല എന്നത് ഗൗരവകരമാണ്.
അതേസമയം, സമ്മര്‍ദത്തിന് വഴങ്ങി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതാനായി ശൂന്യാകാശ സാങ്കേതിക വിദഗ്ധനായ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചതില്‍ വന്‍ ഗൂഢാലോചന ഉണ്ടായിരിക്കാനാണ് സാധ്യത. ഇതിനു പുറമെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ ഒക്‌ടോബര്‍ 23ന് കേരള സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കയാണ്. സമിതികളെ വീണ്ടും വീണ്ടും നിയമിച്ച് ഉത്തരവിറക്കുമ്പോള്‍ ആര്‍ക്ക് നേരെയാണ് ഇത് കൊഞ്ഞനം കുത്തുന്നത്? ‘സമിതിക്കുമേല്‍ സമിതി’ വിചിത്രമായ ഈ കലാപരിപാടിയിലൂടെ സാധാരണ ജനങ്ങള്‍ എന്നും കബളിപ്പിക്കപ്പെടുകയാണ്.

ALSO READ  റെഡ്യാവലും കൊയപ്പാവലും പിന്നെ പാഴായിപ്പോയ ഒരു കുത്തിത്തിരിപ്പും