ആകെ 810 സ്ഥാനാര്‍ഥികള്‍; വനിതകളുടെ എണ്ണം 70 മാത്രം

Posted on: December 3, 2013 12:26 am | Last updated: December 3, 2013 at 12:26 am

iran electionന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും യോജിപ്പുണ്ട്. എന്നാല്‍ ഈ മാസം നാലിന് നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് നിര്‍ത്തിയിരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം പതിനൊന്നാണ്. 70 അംഗങ്ങളുള്ള നിയമസഭയിലേക്ക് ആം ആദ്മി പാര്‍ട്ടിയാകട്ടെ ആറ് വനിതകളെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഡല്‍ഹി ഭരിക്കുന്നത് ഒരു വനിതാ മുഖ്യമന്ത്രിയാണ്. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ആറ് വനിതാ സ്ഥാനാര്‍ഥികളെയാണ് ഗോദയിലിറക്കുന്നത്. അതായത് ആകെയുള്ള സ്ഥാനാര്‍ഥികളില്‍ 8.5ശതമാനമാണ് വനിതകള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന പ്രാതിനിധ്യം. ബി ജെ പി അഞ്ച് വനിതകളെയാണ് രംഗത്തിറക്കുന്നത്. ബി ജെ പിയുടെ 66 സ്ഥാനാര്‍ഥികളിലാണ് അഞ്ച് പേര്‍ വനിതകള്‍. 7.5 ശതമാനമാണ് പ്രാതിനിധ്യം. ഡല്‍ഹിയിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം മൂന്ന് മുന്‍നിര പാര്‍ട്ടി അംഗങ്ങളുടെ നേര്‍ പകുതി വരും എന്നിരിക്കെയാണ് വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നത്. 1.19കോടി വോട്ടര്‍മാരില്‍ 53 ലക്ഷം വനിതകളും 66 ലക്ഷം പുരുഷന്‍മാരുമാണുള്ളത്. 810 സ്ഥാനാര്‍ഥികള്‍ വിവിധ പാര്‍ട്ടികളിലും സ്വതന്ത്രരുമായി മത്സരിക്കാനിറങ്ങുമ്പോള്‍ അവരില്‍ വനിതാ സ്ഥാനാര്‍ഥികളായുള്ളത് 70 പേര്‍. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 57 വനിതാ സ്ഥാനാര്‍ഥികളായിരുന്നു രംഗത്ത്.
ഇത്തരം സ്ഥാനാര്‍ഥി നിര്‍ണയം മനഃപൂര്‍വമല്ല; സാന്ദര്‍ഭികമായി വന്നുചേരുകയാണെന്ന നിലപാടാണ് പാര്‍ട്ടികള്‍ക്കുള്ളത്. വിജയസാധ്യതകളടക്കമുള്ള കാര്യങ്ങള്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്നും നേതാക്കന്‍മാര്‍ പറയുന്നു.
33 ശതമാനം സംവരണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും അഭിപ്രായവ്യത്യാസമില്ല. വനിതകള്‍ രാഷ്ട്രീയ രംഗത്തേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കട്ടെ. അവര്‍ക്ക് എല്ലാ പിന്തുണയുമുണ്ടാകും. അതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതെന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാചാലനായി.