രാജ്യം ഉന്നതങ്ങളിലെത്തിയത് കഠിനാധ്വാനത്തിലൂടെ: ശൈഖ് മുഹമ്മദ്‌

Posted on: December 2, 2013 7:50 pm | Last updated: December 2, 2013 at 7:50 pm

ദുബൈ: വ്യക്തമായ ലക്ഷ്യവും കാഴ്ചപ്പാടുമുള്ള ഉറച്ച നേതൃത്വവും ഒരേ മനസോടെ പിന്തുണ നല്‍കിയ ജനസമൂഹവുമാണ് യു എ ഇയെ പുരോഗതിയിലേക്ക് നയിച്ചതെന്ന് യു എ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദേശീയദിന സന്ദേശം.
സാമ്പത്തിക വളര്‍ച്ചയിലും ആഭ്യന്തര പുരോഗതിയിലും സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളിലും ലോക രാജ്യങ്ങളോടൊപ്പമെത്താന്‍ യു എ ഇക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പുരോഗതികളൊക്കെ കൈവരിച്ചത് ശൂന്യതയില്‍ നിന്നല്ല. മറിച്ച കഠിനമായ നിരന്തര ശ്രമങ്ങളിലൂടെയാണ്. ഏവര്‍ക്കും സമാധാനപരമായി ജീവിക്കാനും സുരക്ഷിതമായി നിക്ഷേപമിറക്കാനുമുള്ള സാഹചര്യങ്ങള്‍ രാജ്യത്തുണ്ട്. ഇതുമൂലം ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഇവിടെയുണ്ട്. 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷങ്ങള്‍ രാജ്യത്തിന്റെ മണ്ണില്‍ സുരക്ഷിതരാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു.
ലോക വിപണന പ്രദര്‍ശന മേളയായ എക്‌സ്‌പോ 2020 രാജ്യത്തിന്റെ മുന്നേറ്റ പാതയില്‍ പൊന്‍തൂവലാകും. ഇതിനുള്ള ആതിഥ്യത്തിന് യു എ ഇ തിരഞ്ഞെടുക്കപ്പെട്ടത് നമുക്ക് ലഭിച്ച പുതിയ സാക്ഷ്യപത്രമാണ്. വ്യക്തമായ ദിശാബോധത്തോടെയും ധൈഷണികതയോടെയും രാജ്യത്തെ നയിക്കുന്ന പ്രസിഡന്റ് ശൈഖ് ഖലീഫക്കും ജനങ്ങള്‍ക്കുമായി 42-ാം ദേശീയദിനം സമര്‍പ്പിക്കുന്നു.