പട്ടിക വിഭാഗ വികസന ഫണ്ട് വിനിയോഗിക്കുന്നത് ഫലപ്രദമല്ല: ജില്ലാ വികസന സമിതി

Posted on: December 2, 2013 1:46 pm | Last updated: December 2, 2013 at 1:48 pm

പാലക്കാട്:ജില്ലയില്‍ വ്യാപകമായി കുളമ്പുരോഗം പടരുകയാണെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ എം എല്‍ എ മാര്‍ പറഞ്ഞു.
ഇത് മൂലം പാലുത്പാദനത്തില്‍ മാന്ദ്യം സംഭവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന കാലികളെ നിയന്ത്രിക്കുന്നതിന് ചെക്ക് പോസ്റ്റില്‍ സംവിധാനം വേണം. എന്നാല്‍ കുളമ്പുരോഗം ബാധിച്ച കാലികളുടെ പാല്‍, മാംസം എന്നിവ കഴിക്കുന്നതു കൊണ്ട് പ്രശ്‌നങ്ങളില്ലെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 90 ശതമാനം കാലികള്‍ക്കും കുത്തിവെയ്പ് നടത്തിയതായും കുത്തിവെയ്പ് നടത്തിയ കാലികളിലും രോഗം കണ്ടെത്തിയതായും മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. ഏകദേശം 13000 ത്തിലധികം കന്നുകാലികള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 000 ത്തിലധികം കാലികള്‍ ചത്തിട്ടുണ്ട്. ആവശ്യമായ മരുന്നുകള്‍ ജില്ലയില്‍ ലഭ്യമാണ്. ഒരു ക്രൈസിസ് മാനേജ്‌മെന്റ് ടീം ഉണ്ടാക്കി കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
രോഗം ബാധിച്ചതിനുശേഷം ജില്ലയില്‍ 12. 8 ശതമാനം പാലുത്പാദനം കുറഞ്ഞതായി ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു. എം എല്‍ എ മാരായ എം ഹംസ, കെ ചന്ദ്രന്‍, സി പി മുഹമ്മദ്, കെ. അച്ചുതന്‍ എന്നിവര്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു. എസ് സി ടി എസ് പി ഫണ്ടുകള്‍ ജില്ലയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് എ കെ ബാലന്‍ എം എല്‍ എ പറഞ്ഞു. ഇത് സംബന്ധിച്ച കണക്കുകള്‍ എം എല്‍ എ മാര്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടി മേഖലയില്‍ ടി എസ് പി ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് ലഭിച്ചില്ലെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. ഫണ്ട് വിനിയോഗം നിരീക്ഷിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നതായും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനുപയോഗിക്കുന്ന ഫണ്ടുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എല്ലാ വകുപ്പുകളുടെയും യോഗം 17 ന് വൈകീട്ട് നാലിന് കലക്ടറേറ്റില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.— തൃത്താല മേഖലയില്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുക ഇതുവരെ ലഭ്യമായില്ലെന്ന് വി ടി ബല്‍റാം എം എല്‍ എ റഞ്ഞു. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ പല മേഖലകളിലായി പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കണമെന്നും ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും എം എല്‍ എ റഞ്ഞു. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ എസ കാര്‍ത്തികേയനെ ചുമതലപ്പെടുത്തി.——
ക്വാറികളില്‍ നിന്നും കരിങ്കല്ലുമായി പോകുന്ന വലിയ ലോറികള്‍ ചെറുറോഡുകളിലൂടെ സഞ്ചരിച്ച് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് എം എല്‍ എ മാര്‍ പരാതിപ്പെട്ടു.
അതിനാല്‍ വലിയ ഭാരം വഹിച്ചുളള വാഹനങ്ങള്‍ ദേശീയപാതകള്‍ വഴി കടന്നുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ചര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ ദേശീയപാത തകര്‍ന്ന് കിടക്കുകയാണെന്ന് കെ എസ സലീഖ എം എല്‍ എ പറഞ്ഞു.
ചളവറ പ്രദേശത്ത് കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം എല്‍ എ പറഞ്ഞു.
ജില്ലയില്‍ മഞ്ഞളിപ്പ് രോഗം ബാധിച്ച് വ്യാപകമായി കവുങ്ങുകള്‍ നശിക്കുകയാണ്. ഇതിന് പ്രതിരോധ വാക്‌സിനുകള്‍ നല്‍കാനും രോഗം ബാധിച്ച് നശിച്ചവക്ക് നഷ്ടപരിഹാരം നല്‍കാനും കൃഷി വകുപ്പ് നടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ നിന്ന് മണലും മറ്റ് വസ്തുക്കളും പുറത്തേക്കു പോവുകയും അതേ സമയം മറ്റ് ജില്ലകളില്‍ നിന്നുളള ബയോവേസ്റ്റുകള്‍ ഇവിടെ നിക്ഷേപിക്കുകയും ചെയ്യുന്നതിന് അറുതി വേണമെന്ന് വി. ചെന്താമരാക്ഷന്‍ എം എല്‍ എ പറഞ്ഞു.
കനാലുകളിലെ ചെളി നീക്കം ചെയ്യാത്തതു കൊണ്ട് വെളളം തുറന്നുവിടാന്‍ പറ്റുന്നില്ലെന്നും അതേ സമയം തൊഴിലുറപ്പ് തൊഴിലാളികള്‍ ചെളി നീക്കുന്നതിന് തയ്യാറാവുന്നില്ലെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.
പട്ടാമ്പി താലൂക്ക് ഉടനെ നിലവില്‍ വരുമെന്നും ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും സി.——പി. മുഹമ്മദ് എം എല്‍ എ അറിയിച്ചു.