പരസ്യത്തെ ന്യായീകരിച്ച് ദേശാഭിമാനി മുഖപ്രസംഗം

Posted on: December 2, 2013 8:09 am | Last updated: December 2, 2013 at 8:09 am

deshabhimaniകൊച്ചി: വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍ സി പി എം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ച് കൊടുത്ത പരസ്യത്തിനെ ന്യായീകരിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. പരസ്യദാതാവിന്റെ ജീവിതപശ്ചാത്തലം പോലീസ് വെരിഫിക്കേഷന് വിട്ട് റിപ്പോര്‍ട്ട് വാങ്ങിക്കുക എന്നത് സാധ്യമല്ല എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഒരു പരസ്യം കൊടുക്കുന്നത് പരസ്യദാതാവിന്റെ സമസ്ത ചെയ്തികള്‍ക്കുമുള്ള ന്യായീകരമാണ് എന്ന് കരുതാനാവില്ല. ആദായനികുതി, വില്‍പനനികുതി സംബന്ധമായി ഒരു കേസുമില്ലെന്ന് സത്യവാങ്മൂലം നല്‍കുന്നവരുടെ പരസ്യമേ കൊടുക്കൂ എന്ന് വാശിപിടിച്ചാല്‍ ആ പത്രം പരസ്യം കിട്ടാതെ പൂട്ടിപ്പോവും. ദേശാഭിമാനി സി പി എമ്മിന്റെ മുഖപത്രമാണ്. വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന പത്രമാണത്. മന്‍മോഹന്‍സിംഗ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയും ബറാക് ഒബാമ മുതല്‍ ബെന്‍യാമിന്‍ നെതന്യാഹു വരെയും ബിജു രാധാകൃഷ്ണന്‍ മുതല്‍ സരിതാ നായര്‍ വരെയുമുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ പത്രങ്ങളില്‍ വരാറുണ്ട്. അതൊക്കെ പത്രത്തിന്റെ അഭിപ്രായമായി കണക്കാക്കാന്‍ പറ്റുമോ എന്നും മുഖപ്രസംഗം ചോദിക്കുന്നു.

പാര്‍ട്ടി പ്ലീനത്തിന് തന്റെ ചിത്രം വെച്ച് ചാക്ക് രാധാകൃഷ്ണന്‍ അഭിവാദ്യം അര്‍പ്പിക്കുന്ന പരസ്യം ഒന്നാം പേജില്‍ ദേശാഭിമാനി നല്‍കിയിരുന്നു. പരസ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ തട്ടിക്കയറുകയും പരസ്യത്തെ ന്യയീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നുതന്നെ പരസ്യത്തിനെതിരെ ശബ്ദമുയര്‍ന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം.