പാരമ്പര്യ ഔഷധ നിര്‍മാണത്തിന് നിലവാര നിയന്ത്രണം വരുന്നു

Posted on: December 1, 2013 11:32 pm | Last updated: December 2, 2013 at 8:23 am

ayurvedaകണ്ണൂര്‍ : പരമ്പരാഗത ഔഷധങ്ങളുടെ കയറ്റുമതിയില്‍ രാജ്യത്ത് വന്‍ കുതിപ്പുണ്ടായ സാഹചര്യത്തില്‍ ആയുര്‍വേദം അടക്കമുള്ള പരമ്പരാഗത ഔഷധങ്ങള്‍ക്ക് ഗുണനിലവാരം കര്‍ശനമാക്കുന്നു. വിപണിയിലിറക്കും മുമ്പ് ഇത്തരം മരുന്നുകളുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരീക്ഷണങ്ങളിലൂടെ തെളിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിബന്ധന. അലോപ്പതി മരുന്നുകളുടെ നിലവാരം പരീക്ഷിച്ച് വിലയിരുത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് നിരവധി ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പാരമ്പര്യ ഔഷധങ്ങളുടെ പരിശോധനക്ക് കൃത്യമായ മാനദണ്ഡം നിലവിലില്ല. നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള താളിയോലകളിലും പ്രാമാണിക ഗ്രന്ഥങ്ങളിലും അടങ്ങിയ വിധികള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരമ്പരാഗത മരുന്നുകളുടെ നിര്‍മാണം.

ആയുര്‍വേദം, സിദ്ധ, യുനാനി എന്നിവയുടെ പതിനായിരത്തിലധികം മരുന്ന് നിര്‍മാണ യൂനിറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് അലോപ്പതിയോടൊപ്പം ഭാരതീയ പാരമ്പര്യത്തില്‍ വികസിച്ച ആയുര്‍വേദ, സിദ്ധ ഔഷധങ്ങളും പേര്‍ഷ്യയില്‍ നിന്നുവന്ന യുനാനിയും ജര്‍മനിയില്‍ നിന്നുള്ള ഹോമിയോപ്പതിയും എല്ലാം ഒരുപോലെ നിലനില്‍ക്കുന്നു. 5,000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രചാരത്തിലായ ആയുര്‍വേദം ഏറ്റവും പഴക്കമുള്ള ചികിത്സാ സമ്പ്രദായമാണ്. നൂറ് വര്‍ഷം മുമ്പു മാത്രം പ്രചാരത്തിലെത്തിയ ഏറ്റവും പുതിയ ചികിത്സാ രീതിയാണ് ഹോമിയോപ്പതി. ഈ ചികിത്സാ പദ്ധതികളെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ആളുകളെ ഉദ്ദേശിച്ച് വ്യത്യസ്ത തരം അടിസ്ഥാന സൗകര്യങ്ങളുമായി പ്രവര്‍ത്തിച്ചുവരുന്നു. ആയുര്‍വേദത്തിന് കൂടുതല്‍ പ്രാമുഖ്യമുള്ളത് കേരളം, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഗോവ എന്നിവിടങ്ങളിലാണ്. യുനാനിക്ക് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങള്‍ ആന്ധ്ര പ്രദേശിന്റെ ചില ഭാഗങ്ങള്‍, കര്‍ണാടക, ജമ്മുകാശ്മീര്‍, ബീഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്. ഹോമിയോപ്പതി ഏറ്റവുമധികം പ്രചരിച്ചിട്ടുള്ളത് ഉത്തര്‍പ്രദേശ്, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ്. സിദ്ധവൈദ്യ ശാഖക്ക് കേരളം, തമിഴ്‌നാടിന്റെ ഭാഗങ്ങള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് പ്രാമുഖ്യം.
അതുകൊണ്ടുതന്നെ പരമ്പരാഗത ചികിത്സാ രീതി ഏറെ വ്യാപിച്ച സാഹചര്യത്തില്‍ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി എല്ലാ ചികിത്സാരീതികളും സംയോജിപ്പിക്കുന്ന ‘ആയുഷ്’ വകുപ്പിന് മാത്രമായി പ്രത്യേകം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനെ നിയമിക്കണമെന്ന വകുപ്പിന്റെ ആവശ്യം കേന്ദ്ര ധന മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന പരമ്പരാഗത ഔഷധ നിര്‍മാണം കര്‍ശനമായ മാനദണ്ഡങ്ങളോടെ മാത്രമേ ഇനി നടപ്പാക്കാനാകൂ എന്ന് ആയുര്‍വേദ, സിദ്ധ ആന്‍ഡ് യുനാനി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയും ശിപാര്‍ശ ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത ഔഷധങ്ങളുടെ ഗുണം, സുരക്ഷിതത്വം എന്നിവ ചോദ്യം ചെയ്യപ്പെടുന്നതും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന്റെ പിന്നിലുണ്ട്. പരമ്പരാഗത ഔഷധങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ചൈനയോടാണ് മത്സരിക്കുന്നത്. 2010ല്‍ ചൈന 132.9 കോടി ഡോളറിന്റെ മരുന്നുകളും ഇന്ത്യ 79 കോടി ഡോളറിന്റെ മരുന്നുകളും കയറ്റുമതി ചെയ്തതതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മരുന്നുചെടികളും മൂല്യവര്‍ധിത ഉത്പന്നങ്ങളുമടക്കം 759.2 കോടി ഡോളറിന്റെ പരമ്പരാഗത ഔഷധങ്ങളാണ് ലോകവ്യാപകമായി കയറ്റുമതി ചെയ്യുന്നത്. യൂറോപ്യന്‍ യൂനിയന്റെ ട്രഡീഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്‌സ് ഡയറക്ടീവ് പ്രകാരം ഉത്പന്നങ്ങളുടെ പാക്കറ്റില്‍ മരുന്നിനെ സംബന്ധിച്ച വിവരങ്ങള്‍ മുദ്രണം ചെയ്തിരിക്കും. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ 15 മുതല്‍ 30 വരെ വര്‍ഷം ഇത്തരം മരുന്നുകള്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നതിന്റെ സാക്ഷ്യപത്രം നല്‍കുന്നുണ്ട്. മരുന്നിന്റെ ഗുണഫലവും വ്യക്തമാക്കുന്നുണ്ട്. പരസ്യങ്ങളല്ലാതെ ശാസ്ത്രീയമായ അടിസ്ഥാന വിവരങ്ങള്‍ പല ഇന്ത്യന്‍ മരുന്നുകള്‍ക്കുമില്ല.
രാജ്യത്തും പുറത്തും പരമ്പരാഗത ഔഷധങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന ഫലസിദ്ധി പലപ്പോഴും ഇവക്ക് ലഭിക്കാറില്ല. അലോപ്പതി മരുന്നുകളും ഇവയില്‍ ചേര്‍ക്കുന്നതായും ആക്ഷേപമുണ്ട്. പരമ്പരാഗത മരുന്നുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.