Connect with us

National

പ്രധാനമന്ത്രി ജാഫ്‌ന സന്ദര്‍ശനത്തിന്

Published

|

Last Updated

ചെന്നൈ: പ്രധാനമന്ത്രി അടുത്തു തന്നെ ജാഫ്‌ന സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. വടക്കന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട സി വി വിഘ്‌നേശ്വരനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
വിഘ്‌നേശ്വരന്‍ പ്രധാനമന്ത്രിയെ ജാഫ്‌ന സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ തമിഴ് വംശജരുടെ അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ചിദംബരം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി തന്റെ പ്രതിനിധിയെ പറഞ്ഞയച്ചത് ബുദ്ധിപരമായ തീരുമാനമായിരുന്നു. പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജാഫ്‌ന സന്ദര്‍ശിക്കുന്നതിനെ സ്വാഗതം ചെയ്തിരുന്നു.
ശ്രീലങ്കയുമായി നേര്‍ക്കുനേര്‍ സമീപനമല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. അവരുമായി കൂടുതല്‍ ഇടപഴകാനാണ് തീരുമാനം. ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്പക്‌സെയുടെ തമിഴരോടുള്ള സമീപനത്തില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിലും ശ്രീലങ്കന്‍ സര്‍ക്കാറിലും സമ്മര്‍ദം ചെലുത്തും. യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ എല്‍ ടി ടി ഇയും ശ്രീലങ്കന്‍ സര്‍ക്കാറും ഇന്ത്യയുടെ ഉപദേശം സ്വീകരിക്കുകയായിരുന്നുവെങ്കില്‍ പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. ശ്രീലങ്കന്‍ തമിഴരെ ഉന്മൂലനം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതുവരെ ഇന്ത്യ വിശ്രമിക്കില്ലെന്നും ചിദംബരം പറഞ്ഞു.