ഭൂമിയുടെ ഭ്രമണപഥം വിട്ടു; മംഗള്‍യാന്‍ ഇനി ചൊവ്വയിലേക്ക് കുതിക്കും

Posted on: December 1, 2013 10:00 am | Last updated: December 1, 2013 at 1:12 pm

mangalyaanബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ നാഴികക്കല്ലായി മംഗള്‍യാന്‍ ഭൂഗുരുത്വ വലയം വിട്ട് ചൊവ്വയിലേക്ക് കുതിപ്പ് തുടങ്ങി. ഇന്നലെ അര്‍ധരാത്രിക്ക് ശേഷം 12.49നാണ് ഭൗമാന്തരീക്ഷത്തില്‍ നിന്ന് മംഗള്‍യാന്‍ കടന്ന വിവരം ഐ എസ് ആര്‍ ഒ സ്വീകരിച്ചത്. ഇപ്പോള്‍ മംഗള്‍യാന്‍ സഞ്ചരിക്കുന്നത് സൂര്യന്റെ ഭ്രമണപഥത്തിലാണ്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ് മംഗള്‍യാന്‍. ആദ്യമായാണ് ഒരു രാജ്യത്തിന്റെ ചൊവ്വാ ദൗത്യം ആദ്യശ്രമത്തില്‍ തന്നെ ഭൂമിയുടെ ഗൂരുത്വാകര്‍ഷണ വലയം മറികടക്കുന്നത്. പല രാജ്യങ്ങളും ഇപ്പോഴും ഈ ശ്രമം തുടരുകയാണ്.

ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് മാറുന്ന ട്രാന്‍സ് മാര്‍സ് ഇന്‍ഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടയൊണ് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചത്. 2014 സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ അരികിലെത്തും എന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞന്‍മാരുടെ കണക്ക്.

നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പി എസ് എല്‍ വി -സി 25 എന്ന റോക്കറ്റ് മംഗള്‍യാനെയും കൊണ്ട് കുതിച്ചത്. 450 കോടിയോളമാണ് ചൊവ്വാ ദൗത്യത്തിന്റെ ചെലവ്. അമേരിക്കയുടെ ചൊവ്വാദൗത്യമായ മാവെന് 4180 കോടി രൂപയാണ് ചെലവായത് എന്നും കൗതുകകരമാണ്.