Connect with us

National

കൃഷ്ണാ നദി: ആന്ധ്ര സുപ്രീം കോടതിയെ സമീപിക്കുന്നു

Published

|

Last Updated

വിജയവാഡ: കൃഷ്ണാ നദിയിലെ ജലം പങ്ക് വെക്കുന്നതിനെ സംബന്ധിച്ച ട്രൈബ്യൂണലിന്റെ അന്തിമ വിധിക്കെതിരെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. നീതി തേടിയാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി കെ പാര്‍ഥസാരഥി പറഞ്ഞു. കൃഷ്ണ നദീജല ട്രിബ്യൂണലിന്റെ വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
ജസ്റ്റിസ് ബ്രിജേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ട്രൈബ്യൂണല്‍ വെള്ളിയാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്. കര്‍ണാടകയില്‍ നിന്ന് നാല് ടി എം സി (ആയിരം ദശലക്ഷം ക്യൂബികാണ് ഒരു ടി എം സി) ജലം ആന്ധ്രക്ക് നല്‍കും. പകരമായി അല്‍മാട്ടി അണക്കെട്ടിന്റെ സംഭരണ ശേഷി 524.256 മീറ്ററായി ഉയര്‍ത്താന്‍ കര്‍ണാടകക്ക് അനുവാദം നല്‍കുമെന്നും വിധിയില്‍ പറയുന്നു. സംസ്ഥാനത്തിനുള്ള പ്രത്യേകിച്ച് കൃഷ്ണ നദീതട മേഖലക്കുള്ള മരണമണിയാണ് വിധിയെന്ന് ആന്ധ്രയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രക്ക് അനുവദിച്ച ജലം തുച്ഛമാണെന്നും ഇവര്‍ ആരോപിക്കുന്നു. 2010 ഡിസംബര്‍ പത്തിന് ഇടക്കാല വിധിയില്‍ ആന്ധ്രക്ക് 1001 ടി എം സിയും കര്‍ണാടകക്ക് 911 ടി എം സിയും മഹാരാഷ്ട്രക്ക് 666 ടി എം സിയും അനുവദിച്ചിരുന്നു. ഇതിന് മുമ്പ് ആന്ധ്രക്ക് 811 ടി എം സിയും കര്‍ണാടകക്ക് 734 ടി എം സിയും മഹാരാഷ്ട്രക്ക് 585 ടി എം സിയും അനുവദിച്ചിരുന്നു. അല്‍മാട്ടി അണക്കെട്ടിന്റെ സംഭരണ ശേഷി ഉയര്‍ത്താനുള്ള അനുമതിയെയും ആന്ധ്രയിലെ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുന്നു. ചുരുങ്ങിയത് ആറ് ജില്ലകളിലെ ഖാരിഫ് വിളയെ ഇത് ബാധിക്കും. പുളിചിന്തല്‍ വിവിധോദ്ദേശ്യ ജലസേചന പദ്ധതി ഈ മാസം എട്ടിന് മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി നാടിന് സമര്‍പ്പിക്കുമെന്നും ഇത് കൃഷ്ണാ നദീതട മേഖലക്ക് ഏറെ ആശ്വാസകരമാകുമെന്നും പാര്‍ഥസാരഥി പറഞ്ഞു. അതേസമയം, കൃഷ്ണ വിധിക്കെതിരെ സുപ്രീം കോടതിയെ എന്നാണ് സമീപിക്കുകയെന്നതിനെ സംബന്ധിച്ച് മന്ത്രി കൂടുതലൊന്നും പറഞ്ഞില്ല.
അതിനിടെ, വിധിക്കെതിരെ കൃഷ്ണ ജില്ലയില്‍ ടി ഡി പിയും വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എം എല്‍ എയായ ഡി ഉമാമഹേശ്വര റാവുവിന്റെ നേതൃത്വത്തില്‍ ടി ഡി പിക്കാര്‍ വിജയവാഡ- ഹൈദരാബാദ് ദേശീയ പാത ഉപരോധിച്ചു. ട്രിബ്യൂണല്‍ വിധി നടപ്പാക്കിയാല്‍ സമീപ ഭാവിയില്‍ കൃഷ്ണ നദീതടം മരുഭൂമിയാകുമെന്ന് റാവു മുന്നറിയിപ്പ് നല്‍കി.