ഡല്‍ഹിയില്‍ വാതുവെപ്പുകാരുടെ വിളയാട്ടം

Posted on: December 1, 2013 8:50 am | Last updated: December 1, 2013 at 8:50 am

bettingന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ വാതുവെപ്പുകാരുടെ വിളയാട്ടം. ബി ജെ പിയുടെ വിജയം പ്രവചിച്ചാണ് കൂടുതല്‍ പേരും വാതുവെക്കുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനൊപ്പമാണ് വാതുവെപ്പുകാര്‍.
എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെയും ബി ജെ പിയുടെ വിജേന്ദര്‍ ഗുപ്തയെയും ഷീലാ ദീക്ഷിത് അനായാസം മറികടക്കുമെന്നാണ് പ്രവചനം. ബി ജെ പി 37 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചാണ് വന്‍ തുകക്കുള്ള വാതുവെപ്പ് നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിന് വേണ്ടി 26- 27 സീറ്റില്‍ മാത്രമാണത്രേ വാതുവെപ്പ് നടക്കുന്നത്.
എ എ പിക്ക് വേണ്ടി വാതുവെക്കാന്‍ ആര്‍ക്കും ധൈര്യമില്ല. വലിയ സാഹസികര്‍ പോലും ആം ആദ്മി പാര്‍ട്ടിയുടെ കാര്യത്തില്‍ മൂന്ന് സീറ്റിനപ്പുറം പോകുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കകമാണ് ‘വാതുവെപ്പ് കമ്പോള’ത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ റേറ്റിംഗ് കുറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന നഗരവികസന മന്ത്രിയും ഗാന്ധിനഗര്‍ സിറ്റിംഗ് എം എല്‍ എയുമായ അര്‍വീന്ദര്‍ സിംഗാണത്രേ ഏറ്റവും സുരക്ഷിതനായ സ്ഥാനാര്‍ഥി. അദ്ദേഹത്തിന് വേണ്ടി വാതുവെക്കുന്നത് ലാഭകരമല്ലെന്നാണ് വാതുവെപ്പുകാരുടെ കണക്ക്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഹര്‍ഷ് വര്‍ധനനും ഇതേ ഗണത്തില്‍ പെടുന്നു.