മണിപ്പൂരില്‍ അഫ്‌സ്പ ദീര്‍ഘിപ്പിച്ചു

Posted on: December 1, 2013 8:38 am | Last updated: December 1, 2013 at 8:38 am

afspa-17ഇംഫാല്‍: മണിപ്പൂരില്‍ സായുധ സേനക്കുള്ള പ്രത്യേക അധികാര നിയമം-1958 (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് – അഫ്‌സ്പ) ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു. ഇംഫാല്‍ മുനിസിപ്പല്‍ മേഖലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാംഗ്‌ഖേയ്, യൈസ്‌കുല്‍, താംഗ്മീബാന്ദ്, യൂരിപൊക്, സാഗോള്‍ബാന്ദ്, ഷിംഗ്ജാമേയ്, ഖുരായ് മണ്ഡലങ്ങളൊഴികെ സംസ്ഥാനത്തെ എല്ലായിടവും നിയമത്തിന്റെ പരിധിയിലാണ്. മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് എം ഒകേന്ദ്രോ പറഞ്ഞു. 20 വര്‍ഷമായി മണിപ്പൂരില്‍ അഫ്‌സ്പ നിലവിലുണ്ട്. വര്‍ഷാവര്‍ഷം ഇത് ദീര്‍ഘിപ്പിക്കുകയാണ് പതിവ്.
സംസ്ഥാനത്ത് നിന്ന് മൊത്തമായി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഏഴ് മണ്ഡലങ്ങളെ ഒരു വര്‍ഷം മുമ്പ് അഫ്‌സ്പയില്‍ നിന്ന് ഒഴിവാക്കിയത്. 2000 നവംബര്‍ രണ്ടിന് ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അസം റൈഫിള്‍സ് സൈനികര്‍ പത്ത് നാട്ടുകാരെ വെടിവെച്ച് കൊന്ന സംഭവത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തക ഇറോം ചാനു ശര്‍മിള പതിമൂന്ന് വര്‍ഷമായി തുടരുന്ന നിരാഹാര സമരം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സായുധ സൈനികര്‍ക്ക് വിശാല അധികാരങ്ങള്‍ നല്‍കുന്ന വിവാദ നിയമമാണ് അഫ്‌സ്പ. മനുഷ്യാവകാശം ധ്വംസിക്കുന്നതാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ജമ്മു കാശ്മീരിലടക്കം പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്.