‘മതനിരപേക്ഷ സംഘടനകളുടെ ഏകീകരണം അനിവാര്യം’

Posted on: December 1, 2013 1:21 am | Last updated: December 1, 2013 at 1:21 am

ദുബൈ: മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ന്യൂനപക്ഷ സംഘടനകളുടെ ഏകീകരണം കേരളത്തില്‍ അനിവാര്യമാണെന്ന് അഡ്വ. പി ടി എ റഹീം എം എല്‍ എ പറഞ്ഞു. യു എ ഇ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സിറാജിനോട് സംസാരിക്കുകയായിരുന്നു.
തീവ്രവാദത്തിലേക്കും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും യുവാക്കള്‍ വഴിതെറ്റാതിരിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇത് തിരിച്ചറിയേണ്ടതുണ്ട്. പാലക്കാട്ട് സി പി എം പ്ലീനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണം.
കൊടുവള്ളി മണ്ഡലത്തിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അന്ന് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്ന് ലീഗ് നേതൃത്വത്തിന് ഇപ്പോള്‍ ബോധ്യപ്പെട്ടുകാണണം. അവര്‍, അന്ന് ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറിയായിരുന്ന ആള്‍ തന്നെയാണ് തനിക്കെതിരെ നടന്ന ഗൂഢനീക്കങ്ങളെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലീഗ് നേതൃത്വം പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകര്‍ കമാല്‍ റഫീഖ്, കെ വി അശ്‌റഫ്, പി കെ അശ്‌റഫ് സംബന്ധിച്ചു.