Connect with us

Palakkad

വിവാദങ്ങള്‍ പാര്‍ട്ടി പ്ലീനത്തിലും സി പി എമ്മിന് വെല്ലുവിളിയായി

Published

|

Last Updated

പാലക്കാട്: കൊട്ടിഘോഷിച്ച് നടന്ന സി പി എമ്മിന്റെ സംസ്ഥാന പ്ലീനം വിവാദത്തോടെ കൊടിയിറങ്ങി. പ്ലീനം കൊടിയേറ്റം നാളില്‍ എളമരം കരീമിന്റെ അഞ്ച് കോടിയുടെ കോഴ വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കൂടി പുറത്തുവന്നുഎന്നത് പ്രതിനിധികളെ ഞെട്ടിച്ചു.
സംഘടനാരേഖയുടെ പ്രഖ്യാപന ചൂടാറും മുമ്പേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ കമ്മ്യൂണിസ്റ്റ് നയ വ്യതിയാനം പ്രതിനിധികള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു. പ്ലീനം ചര്‍ച്ചകളില്‍ ഇതുമറികടന്നു പരാതി നീക്കാന്‍ സംസ്ഥാന നേതൃത്വം ഏറെ പണിപ്പെട്ടു. മൂന്നാം നാള്‍ എങ്ങിനെയായാലും പ്ലീനം അവസാനിപ്പിച്ച് തടിയൂരി കിട്ടിയാല്‍മതിയെന്ന ചിന്തയിലായിരുന്നു ജന സെക്രട്ടറി പ്രകാശ് കാരാട്ട്. എന്നാല്‍ സമാപന ദിവസമായ ഇന്നലെ എല്ലാറ്റിനേക്കാളും വലിയ ഭൂകമ്പ വിവാദമാണ് പ്ലീനത്തെ ഗ്രസിച്ചത്.ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വിവാദ വ്യവസായിയും മലബാര്‍ സിമന്റ് മുന്‍ കമ്പനി സെക്രട്ടറിയും മക്കളും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വി എം രാധാകൃഷ്ണന്റെ പരസ്യം വന്നത് പ്ലീനം സമാപനത്തെയും വിവാദ സമ്പുഷ്ടമാക്കി. പ്ലീനത്തെ ആശംസിച്ചതുപോലെയുള്ള പരസ്യമാണ് അച്ചടിച്ചുവന്നത്. ലക്ഷങ്ങളാണ് ഇതിന് രാധാകൃഷ്ണന്‍ മുടക്കിയത്.
പ്ലീനം നടത്തി തെറ്റുതിരുത്താനും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും വ്യക്തി ജീവിതത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അനുവര്‍ത്തിക്കേണ്ട ശൈലികളും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ രേഖ വ്യക്തമാക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ രേഖയ്ക്ക് വെല്ലുവിളികളായി വിവാദങ്ങളും ഉയര്‍ന്നു. പത്രപരസ്യം വിവാദം ഒന്ന് കൂടിഗംഭീരമായപ്പോള്‍ വിവാദം കനപ്പിച്ച് പനിവന്ന വി എസിന്റെ മടക്കം പാര്‍ട്ടി പ്ലീനത്തിന് ഇതോടെ തിരിച്ചടിയായി.

Latest