പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കുങ്കിച്ചിറ മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാക്കും : മന്ത്രി

Posted on: November 30, 2013 10:13 am | Last updated: November 30, 2013 at 10:13 am

മാനന്തവാടി/കല്‍പറ്റ: പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും കോട്ടം തട്ടാതെ കുങ്കിച്ചിറ മ്യൂസിയം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോത്ത് മ്യൂസിയം-മൃഗശാല വകുപ്പ് നിര്‍മ്മിക്കുന്ന കുങ്കിച്ചിറ മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാടിന് സമ്പന്നമായ ചരിത്ര പശ്ചാത്തലമാണുള്ളത്. ഭാവിതലമുറയ്ക്ക് ഇതിന്റെ പ്രാധാന്യം പകര്‍ന്നു നല്‍കുന്നതിന് ഇത്തരം ചരിത്ര സ്മാരകങ്ങള്‍ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്.
10 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിയം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ വന്‍ വികസനം സാധ്യമാകും. പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സി മമ്മുട്ടി എം എല്‍ എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് അംഗം ചിന്നമ്മ ജോസ്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്ബിപ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
വികസന പ്രക്രിയയില്‍ തദ്ദേശീയരെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശവാസികള്‍ക്ക് സ്വയം സംരംഭകരാന്‍ അവസരമൊരുക്കിയുള്ള നിരവധി പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കും. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ പരിസ്ഥിതി സൗഹൃദ മണ്‍കുടിലുകളുടെ നിര്‍മ്മാണം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന സൗകര്യം എന്നിവ പ്രതേ്യകം നിര്‍മ്മിക്കും. ജലാശയത്തിന് നടുവിലായി കുങ്കിയുടെ പ്രതിമ സ്ഥാപിക്കും. ചുറ്റുമുള്ള കൃഷിസ്ഥലങ്ങള്‍ക്ക് മാറ്റം വരുത്താതെ മനോഹരമായ ഉദ്യാനവും ഇരിപ്പിടങ്ങളും നിര്‍മ്മിക്കും. മ്യൂസിയത്തില്‍ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള കുങ്കിയുടെയും പഴശ്ശിരാജയുടെയും ആഭരണങ്ങള്‍, ആയുധങ്ങള്‍, മറ്റ് പൈതൃക വസ്തുക്കള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
സംസ്ഥാനത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ ഹിന്ദി ബിഎഡ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രഭാഷ എന്ന നിലയില്‍ ദേശീയത നിലനിര്‍ത്താന്‍ ഹിന്ദി ഭാഷാപഠനം സഹായിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലുള്ള മലയാളികള്‍ക്ക് ഹിന്ദി ഭാഷയിലെ അറിവ് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഹിന്ദിയുടെ പ്രാധാന്യം പരിഗണിച്ച് ഭാഷാപഠനത്തിന് വ്യാപക പ്രചരണം നല്‍കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹാഡ വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ പ്രകാശന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരി ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിവി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി നടക്കുന്ന എസ് കെ എം ജെ ഹൈസ്‌കൂളിലെ ഒരുക്കങ്ങള്‍ ഗ്രാമവികസന-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് വിലയിരുത്തി. ഹാഡ വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, എ ഡി എം എന്‍ ടി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.